യുഎസിലെ ജിമ്മിൽ വെച്ച് ഇന്ത്യൻ വംശജനായ യുവാവിന് കുത്തേറ്റു. ഞായറാഴ്ച രാവിലെ ഇന്ത്യാനയിൽ വാല്‍പാറായിസോ നഗരത്തിലെ ജിമ്മിൽ ആണ് ആക്രമണം നടന്നത്. വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. ഇയാളുടെ നില അതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 24 കാരൻ ജോർദാൻ ആൻഡ്രേഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോർട്ടർ ടൗൺഷിപ്പിലെ താമസക്കാരനാണ് ഇയാൾ. അതേസമയം ആക്രമണത്തിന് മുൻപ് ഇരുവരും തമ്മിൽ ഒരു തരത്തിലുള്ള വാക്കുതർക്കങ്ങളും മറ്റും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിവരം.
കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് വകവരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് നിലവിൽ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ജിമ്മിൽ വെച്ച് ഒരാൾക്ക് കുത്തേറ്റതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ തലയ്ക്ക് പരിക്കേറ്റ് മസാജ് ചെയറില്‍ ഇരിക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കൂടാതെ മുറിയിൽ നിന്ന് ഒരു മടക്കിവെയ്ക്കാവുന്ന കത്തിയും പോലീസ് കണ്ടെടുത്തു.
ഞായറാഴ്ച രാവിലെ മസാജ് റൂമിലേക്ക് വന്ന ആൻഡ്രേഡ്, വരുണിനെ അവിടെ വച്ചാണ് കണ്ടതെന്ന് പോലീസിനോട് പറഞ്ഞു. ഇരുവർക്കും പരസ്പരം നേരത്തെ പരിചയമില്ലെന്നും എന്നാൽ പ്രതിക്ക് കുത്തേറ്റ യുവാവിനെ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയത് കൊണ്ടാണ് ആക്രമിച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. കൂടാതെ യുവാവ് ഒരു ‘ഭീഷണി’യായി തോന്നിയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ആൻഡ്രേഡ് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് വരുണിനെ കുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.