എ.എസ് ശ്രീകുമാര്‍
പത്തനാപുരം: അമേരിക്കന്‍ മലയാളി ദമ്പതികളായ ജോസ് പുന്നൂസും ഭാര്യ റിട്ടയേഡ് ലെഫ്റ്റനന്റ് കേണല്‍ ആലീസ് ജോസും നിര്‍ധനരായ വിധവകള്‍ക്കും സമൂഹത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കുമായി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. താക്കോല്‍ ദാനം 2024 ജനുവരിയിലേയ്ക്ക് നടത്താനുള്ള തീവ്രശ്രമത്തിലാണ് ഇവര്‍.
കഴിഞ്ഞ ദിവസം സി.എസ്.ഐ സഭയുടെ ബിഷപ്പ് റവ. ഡോ. ഉമ്മന്‍ ജോര്‍ജ് തലവൂര്‍ ഓര്‍മ വില്ലേജ് സന്ദര്‍ശിച്ചു. തിരുമേനിയുടെ പ്രാര്‍ത്ഥനയ്ക്കും അനുഗ്രഹത്തിനും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്ന് ജോസ് പുന്നൂസ് പറഞ്ഞു.

കൊല്ലം ജില്ലയിലെ പത്തനാപുരത്തിന് സമീപം പാണ്ടിത്തിട്ട എന്ന സ്ഥലത്താണ് ‘ഓര്‍മ വില്ലേജ്’. ഒന്നര ഏക്കര്‍ സ്ഥലത്ത് വിഭാവനം ചെയ്യുന്ന 15 വീടുകളില്‍ ആദ്യ ഘട്ടമായ അഞ്ച് വീടുകളുടെ താക്കോല്‍ ദാനം, 2022 മെയ് 21-ാം തീയതി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വച്ച് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആണ് മഹത്തായ ജീവകാരുണ്യത്തിന്റെ സന്ദേശം പകര്‍ന്ന് താക്കോല്‍ ദാന കര്‍മം നിര്‍വഹിച്ചത്.
സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, പാലാ എം.എല്‍.എ മാണി സി കാപ്പന്‍, പ്രമുഖ നര്‍ത്തകിയും ചലചിത്ര നടിയും അവതാരികയുമായ കൃഷ്ണപ്രഭ തുടങ്ങി രാഷ്ട്രീയ-സാമൂഹിക-കലാ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികള്‍ സാന്നിധ്യമറിയിച്ചു.
സ്‌നേഹവീടുകളുടെ സമര്‍പ്പണത്തിന് ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും ഫ്‌ളവേഴ്‌സ് ചാനല്‍ ചെയര്‍മാന്‍ ആര്‍ ശ്രീകണ്ഠന്‍ നായരും വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേര്‍ന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാരഥി ജോയ് ആലുക്കാസും ഭാര്യ ജോളി ജോയിയും ഓര്‍മ വില്ലേജ് സന്ദര്‍ശിക്കുകയുണ്ടായി.

തദവസരത്തില്‍ ജോസ് പുന്നൂസും ഭാര്യ കേണല്‍ ആലീസും മക്കളായ ജെസ്‌ലിന്‍ ജോസും ഡോ. ജിഷ ജോസും നാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ഉദാത്ത മാതൃകയായി. അഞ്ച് വീടുകളുടെ നിര്‍മാണമാണിപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സും സ്‌നേഹനിധികളായ വ്യക്തികളുമാണ് വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
ഓര്‍മ വില്ലേജിലെ ആദ്യ വീട്, കൊടും ക്രൂരനാല്‍ കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ ദീപ്ത സ്മരണയാക്കായാണ് ഉദ്ഘാടന ദിനത്തില്‍ സമര്‍പ്പിച്ചത്. ഫോമായുടെ മുന്‍ പ്രസിഡന്റും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ അനിയന്‍ ജോര്‍ജ് ആണ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍. ജോസ് പുന്നൂസിന്റെയും ആലീസ് ജോസിന്റെയും മാതാപിതാക്കളോടുള്ള സ്‌നേഹ സ്മരണയുടെയും കൂടി പ്രതീകമായാണ് ഓര്‍മ വില്ലേജ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
”നമ്മള്‍ ശുഷ്‌ക്കമായ ഈ ജീവിതത്തില്‍ നേടിയതെല്ലാം ഉപേക്ഷിച്ച് ഈ ലോകത്തു നിന്നും വിട പറയേണ്ടവരാണ്. പക്ഷേ, പലതും നമുക്കു ചുറ്റും ഉള്ളവര്‍ക്കായി വച്ചിട്ട് പോകാനും സാധിക്കും. ഡോ. ചിറമേല്‍ അച്ചന്റെ തത്വങ്ങളോട് യോജിക്കുന്ന വ്യക്തിയാണ് ഞാന്‍. കൊടുക്കുമ്പോഴാണ് നമുക്ക് കൂടുതല്‍ സന്തോഷം കിട്ടുന്നതെന്നാണ് അച്ചന്‍ പറയുന്നത്. ആ വിശാലമായ നന്മയില്‍ വിശ്വസിച്ച് ജീവിക്കുന്നവരാണ് ഞാനും എന്റെ കുടുംബവും…” ജോസ് പുന്നൂസ് പറഞ്ഞു.

പത്തനാപുരത്ത് തലവൂരില്‍ അഞ്ഞൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കോക്കാട്ടുവിളയിലെ പുരാതന കര്‍ഷക കുടുംബാംഗമായ ജോസ് പുന്നൂസ് നാട്ടിലെ പ്രീഡിഗ്രി പഠനത്തിനും ഡല്‍ഹിയിലെ ഇലക്‌ട്രോണിക്‌സ് പഠനത്തിനും ശേഷം നാട്ടില്‍ ബിസിനസ് നടത്തുകയും 1985ല്‍ വിവാഹ ശേഷം ഭാര്യയുടെ മിലിട്ടറി സര്‍വീസുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യുയുടെ വിവിധ സ്ഥലങ്ങളില്‍ ജീവിക്കുകയും ചെയ്തു. 2001ല്‍ ഇവര്‍ കുടുംബസമേതം അമേരിക്കയില്‍ എത്തി. ഇരുവരും ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു.