എ.എസ് ശ്രീകുമാര്‍
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ ആവോളം ഏറ്റുവാങ്ങി അവരുടെ ദൃശ്യാസ്വാദന ബോധത്തെ ഗന്ധപൂരിതമാക്കി ജൈത്രയാത്ര തുടരുന്ന ഫ്ളവേഴ്സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ വിസ്മയ വേദിയി ല്‍ വച്ച് കര്‍ഭൂമിയില്‍ മിഷനറി ചിന്തകളുള്ള ദാര്‍ശനികന്‍ ഡോ. ഷിബു സാമുവല്‍ ആദരിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നേട്ടപ്പൊലിമയില്‍ പൊന്‍തൂവലായി.

ആഘോഷനിര്‍ഭരമായ ചടങ്ങില്‍ സെലിബ്രിറ്റി ഗസ്റ്റായ പ്രമുഖ നര്‍ത്തകിയും നടിയുമായ ആശ ശരത്ത് ആണ് അദ്ദേഹത്തിന് ‘മെഡിക്കല്‍ വിഷനറി അവാര്‍ഡ്’ സമ്മാനിച്ചത്. അമേരിക്കയില്‍ വിവിധ മേഖലകളില്‍ അവിസ്മരണീയമായ സംഭാവന ചെയ്ത പതിനൊന്ന് കമ്മ്യൂണിറ്റി ഹീറോകളില്‍ ഒരാളാണ് ഡോ. ഷിബു സാമുവല്‍. മലയാളി സമൂഹത്തിലെ പ്രകാശഗോപുരങ്ങളായ വ്യക്തിത്വങ്ങളെ അഭിമാനത്തോടെ നെഞ്ചേറ്റുവാനുള്ള ദൗത്യമാണ് ഫ്ളവേഴ്സ് ടി.വി യു.എസ്.എ ഇവിടെ നിറവേറ്റിയത്.
തന്റെ ജീവിത വഴിയിലെ വെല്ലുവിളികള്‍ സധൈര്യം തരണം ചെയ്ത് സ്വപ്നങ്ങള്‍ സഫലമാക്കിയ ബിസിനസുകാരനും രാഷട്രീയനേതാവുമായ ഡോ. ഷിബു സാമുവല്‍ 1999 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 2012-ല്‍ ഡാലസിലെത്തിയ ഡോ. ഷിബു സാമുവല്‍ 2013-ല്‍ ഗാര്‍ലന്‍ഡ് നഗരത്തിന്റെ മള്‍ട്ടി കള്‍ച്ചര്‍ കമ്മീഷണറായി. ആ എളിയ തുടക്കം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പൊതുജന സേവനത്തിനുള്ള ഒരു ചവിട്ടുപടിയായിരുന്നു. പരിസ്ഥിതി, കമ്മ്യൂണിറ്റി ഉപദേശക സമിതി അംഗമായി ഗാര്‍ലന്‍ഡ് നഗരത്തെ സേവിച്ച ഡോ. ഷിബു സാമുവല്‍ പിന്നീട് 2023-ല്‍ ഡാലസ് കൗണ്ടിയില്‍ റിപ്പബ്‌ളിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റായി നിയമിതനായി.

അമേരിക്കയില്‍ ഹെല്‍ത്ത്കെയറിലും ആശുപത്രികളിലും തന്റെ പ്രവര്‍ത്തന ജീവിതം ആരംഭിച്ച അദ്ദേഹം ഒന്നിലധികം ഹെല്‍ത്ത് കെയര്‍ കമ്പനികളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. മൂന്ന് ഹോസ്പിറ്റല്‍ കമ്പനികളുടെ അമരക്കാരനുമാണിപ്പോള്‍.
ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ കെയര്‍ മേഖലയിലെ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ഡോ. ഷിബു സാമുവലും സംഘവും അര്‍പ്പണബോധവും അനുകമ്പയും കൈമുതലാക്കി ആതുരസേവനം നടക്കുന്ന സ്‌നേഹനിധികളാണ്. തങ്ങളുടെ ആശുപത്രിയില്‍ കഴിയുന്നത്ര മികച്ച പരിചരണം ഉറപ്പാക്കുകയെന്നതാണ് ഡോ. ഷിബു സാമുവലിന്റെ മുദ്രാവാക്യം. ലോകമെമ്പാടുമുള്ള അനാഥരെ സേവിക്കുന്ന ഒരു ഓര്‍ഗനൈസേഷനുമായി സഹകരിച്ച് അനാഥരായ കുട്ടികളുടെ ജീവിതത്തില്‍ വെളിച്ചം പകരാന്‍ പ്രതിജ്ഞാബദ്ധതയോടെ ഡോ. ഷിബു സാമുവല്‍ പ്രവര്‍ത്തിക്കുന്നു.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഓസ്‌കര്‍ സ്റ്റാര്‍ നൈറ്റായി മാറിയ ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററിലായിരുന്നു പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിച്ച വര്‍ണാഭമായ ആഘോഷം വിവിധ പരിപാടികളോടെ അരങ്ങേറിത്.

ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണി നിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറപ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി. ഫ്ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയയാണ് സ്വാഗതമാശംസിച്ചത്.