Friday, March 29, 2024

HomeAmericaസാന്ത്വനഗീതമായ് സോലസ്, ഈണം പകര്‍ന്ന് ബോസ്റ്റണ്‍

സാന്ത്വനഗീതമായ് സോലസ്, ഈണം പകര്‍ന്ന് ബോസ്റ്റണ്‍

spot_img
spot_img

സിന്ധു നായര്‍.

കേരളത്തിലെ വിവിധ ജില്ലകളിലായ്, മാരകമായ രോഗങ്ങള്‍ക്കടിമപ്പെട്ട, ആയിരകണക്കിന് കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സോലസ് എന്ന ചാരിറ്റി സംഘടനയ്ക്കായുള്ള ധനശേഖരണപരിപാടി 2021 ഡിസംബര്‍ നാലാം തീയതി, അമേരിക്കയിലെ ബോസ്റ്റണില്‍ നടന്നു.

ഇരുപത്തിയേഴു വയസ്സുള്ള മകളെ കാന്‍സര്‍ എന്ന മഹാരോഗത്തിന് വിട്ടു കൊടുക്കേണ്ടി വന്നപ്പോഴും, തന്നെ പോലെ വേദനയുടെ കടല്‍ താണ്ടുന്ന അനേകം കുടുംബങ്ങള്‍ക്ക് തണലേകാന്‍, ഷീബ അമീര്‍ എന്ന അമ്മയുടെ ഹൃദയത്തില്‍ തെളിഞ്ഞ നന്മയുടെ കൈത്തിരി നിരവധി ഹൃദയങ്ങളിലേക്ക് കൈമാറി, ബോസ്റ്റണ്‍ സോലസ് ചാപ്റ്റര്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ വടക്കേ അമേരിക്കയിലെ കേരള അസ്സോസ്സിയേഷനുകളുടെ ഫെഡറേഷന്‍ ആയ ഫൊക്കാന (ഫൊക്കാന), അശരണരായ ഒരുപാട് ജീവിതങ്ങള്‍ക്ക് തണലേകുന്ന സുമനസ്സുകളുടെ സംഘടന ആയ കംപാഷനേറ്റ് ഹാര്‍ട്‌സ് നെറ്റ്വര്‍ക്ക് (സിഎച്ച്എന്‍).

ന്യൂ ഇംഗ്ലണ്ടിലെ മലയാളികളുടെ പ്രിയമിത്രങ്ങളായ ന്യൂ ഇംഗ്ലണ്ട് മലയാളി അസ്സോസ്സിയേഷന്‍ (എന്‍ഇഎംഎ) , കേരള അസ്സോസ്സിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ട് (കെയിന്‍ ), കേരള അസ്സോസ്സിയേഷന്‍ ഓഫ് കണക്റ്റിക്കട്ട് (കെഎസിടി), പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ് ), കേരള വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി), മലയാളി മോട്ടോര്‍ബൈക്കേഴ്‌സ് കൂട്ടായ്മ ആയ മല്ലു റൈഡേഴ്‌സ് എന്നിവരും പങ്കാളിത്തം വഹിച്ചു. സോലസിന്റെ സ്ഥാപക ശ്രീമതി ഷീബ അമീര്‍ ചടങ്ങില്‍ മുഖ്യഅതിഥി ആയിരുന്നു.

2007 ല്‍ ഷീബ അമീര്‍ സ്ഥാപിച്ച സോലസ് ഇന്ന് കേരളമെമ്പാടും ഉള്ള മൂവായിരത്തിലേറെ കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആണ് സാന്ത്വനമാകുന്നത്. കാന്‍സര്‍, തലസ്സീമിയ, ഓട്ടിസം, സെറിബ്രല്‍പാള്‍സി, മസ്‌കുലര്‍ ഡിസ്‌ട്രോഫി, മാനസിക അസ്വസ്ഥതകള്‍, കേള്‍വിക്കുറവ്, നെഫ്രോട്ടിക് സിന്‍ഡ്രോം, ഹീമോഫീലിയ, അപസ്മാരം, ഹൃദയവൈകല്യങ്ങള്‍ എന്നിങ്ങനെ മാരകമായ അസുഖങ്ങളുടെ പ്രഹരമേല്‍ക്കേണ്ടി വന്ന ഈ കുഞ്ഞുങ്ങളുടെ ചികിത്സാച്ചിലവും പാലിയേറ്റീവ് കെയറും പുനരധിവാസവും ജീവിതവഴിയില്‍ ഒറ്റയ്ക്കായിപ്പോകുന്ന അമ്മമാര്‍ക്കായ് സ്ഥാപിക്കപ്പെട്ട റെസ്പൈറ്റ് സെന്ററുകളും കുടുംബങ്ങളിലെ മറ്റു കുട്ടികളുടെ വിദ്യഭ്യാസച്ചിലവുകളും ഉള്‍പ്പടെ സോലസിന്റെ കര്‍മ്മപഥത്തില്‍ ചുമതലകള്‍ ഏറെയാണ്.

ഗീതാഞ്ജലിയില്‍ പ്രതിപാദിച്ചിരിക്കുന്ന പോലെ അസ്തമനസൂര്യന്റെ ദൗത്യം നിര്‍വ്വഹിക്കുവാന്‍, തന്നാലാവും വിധം ശ്രമിക്കുന്ന ഒരു കൊച്ചു മണ്‍ചിരാത് മാത്രം ആണ് താന്‍ എന്ന് ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേ ശ്രീമതി ഷീബ അമീര്‍ അഭിപ്രായപ്പെട്ടു . കാന്‍സര്‍ എന്ന വ്യാധിയെ സധൈര്യം നേരിട്ട് തോല്‍പ്പിച്ച അനിത വര്‍ഗീസ്, ഉഷാ ശ്രീകാന്ത് എന്നിവര്‍ അവര്‍ നടന്നു തീര്‍ത്ത വഴികളിലെ പരീക്ഷണങ്ങള്‍ പങ്കുവെച്ചതും അവിസ്മരണീയമായ അനുഭവമായിരുന്നു.

തീരാവേദനയുടെ നാളുകളില്‍ ആശ്വാസം ആയി എത്തിയ സൗഹൃദത്തണലുകള്‍, എത്ര മാത്രം ഒരു വ്യക്തിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഉള്ള പ്രചോദനമാകും എന്ന് എടുത്തു പറയുന്നതിനൊപ്പം സോലസ് എന്ന സംഘടന ഇത് പോലെ മഹാരോഗങ്ങള്‍ക്ക് അടിമപെട്ടവരുടെ ജീവിതത്തില്‍ എത്രയധികം പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ചൂണ്ടികാണിക്കുവാനും, സ്വന്തം ജീവിതങ്ങളെ മുന്‍നിര്‍ത്തി അവര്‍ നടത്തിയ പ്രസംഗത്തിന് കഴിഞ്ഞു.

ഗായകനും നവാഗതസംവിധായകനും ആയ രതീഷ് ശേഖറിന്റെ ഗാനങ്ങള്‍, മകന്‍ വൈഷ്ണവ് പിയാനോയില്‍ തീര്‍ത്ത സംഗീതവിസ്മയത്തിനൊപ്പം ചുവട് വെച്ച ഗായത്രി തമ്പാട്ടി അവതരിപ്പിച്ച നൃത്തം എന്നിവയടക്കം, ന്യൂ ഇംഗ്‌ളണ്ടിലെ വിവിധ കലാകാരന്മാരുടെ സംഗീത-നൃത്ത പരിപാടികള്‍ മാറ്റു കൂട്ടിയ ഈ ധനസമാഹരണ ചടങ്ങ് ആഷ്ലാന്‍ഡ് ഢഎണ ഹാളിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഏകദേശം മുന്നൂറോളം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍, മനീഷ് കുറുപ്പിന്റെ നേതൃത്വത്തില്‍, ട്രബിള്‍ ക്ലെഫ് എന്ന കൊച്ചു സംഗീതജ്ഞരുടെ ട്രൂപ്പ്, വാദ്യോപകരണങ്ങളിലൂടെ മാന്ത്രികത തീര്‍ത്തും, ഹൃദയഹാരിയായ ഗാനങ്ങള്‍ ആലപിച്ചും പ്രേക്ഷകരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

പ്രതിമാസം ഏകദേശം മുപ്പത് ലക്ഷം രൂപ ചിലവ് വരുന്ന സോലസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈത്താങ്ങ് ആവുക എന്ന പ്രധാന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ, 60, 000 ഡോളര്‍ (ഏകദേശം 46 ലക്ഷം രൂപ) സ്വരൂപിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അതിനായ് അശ്രാന്ത പരിശ്രമം നടത്തിയ സോലസ് ബോസ്റ്റണിലെ പോള്‍ ഇഗ്നേഷ്യസ്, ധീരജ് പ്രസാദ്, സന്തോഷ് നായര്‍, രേവതി പിള്ള, ശ്രീവിദ്യ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സംഘം. സോലസ് എന്ന സാന്ത്വനഗീതത്തിന് ഈണം പകരാന്‍ ശ്രമിക്കുന്ന, ഒരുപാട് നല്ല മനസ്സുകളുടെ ഉദാരമായ സംഭാവനയ്ക്ക് നന്ദിയും സ്‌നേഹവും വാക്കുകളിലൂടെ പങ്കു വെച്ച ഇവരെക്കൂടാതെ ഈ മഹത്തായ പ്രയത്‌നത്തിനു ഭാഗഭാക്കായ വിവിധ അസ്സോസ്സിയേഷനുകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളും ചടങ്ങില്‍ സംസാരിക്കുകയുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments