കേസറിയ: 1700 വര്‍ഷം പഴക്കമുള്ള നല്ലിടയന്റെ രൂപം ആലേഖനം ചെയ്ത മോതിരം മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി. ടെല്‍ അവീവിനും, ഹൈഫയ്ക്കും മധ്യേയുള്ള കേസറിയയുടെ തീരപ്രദേശത്ത് 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടു കപ്പലുകള്‍ മുങ്ങി പോയിരുന്നു.
ഇവിടെ നടത്തിയ ഉദ്ഖനനത്തിലാണ് മറ്റ് പല വസ്തുക്കളോടും ഒപ്പം നല്ലിടയന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണ മോതിരവും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. യുവാവായ ഇടയന് ആടിനെ തോളിലേറ്റിയിരിക്കുന്നതു മോതിര കല്ലില്‍ ദൃശ്യമാണ്. ആലേഖനം ചെയ്യപ്പെട്ട രൂപം നല്ലിടയന്റെ തന്നെയാണെന്ന് ഇസ്രായേലി ആന്റിക്വിറ്റിസ് അതോറിറ്റിയില്‍ ഗവേഷണ ചുമതല വഹിക്കുന്ന ഹെലേന സോകോളോവ് സ്ഥിരീകരിച്ചു.
നല്ലിടയന്റെ രൂപം ആദ്യകാല ക്രൈസ്തവര്‍ വ്യാപകമായി ഉപയോഗിച്ചിരുന്നുവെങ്കിലും, രൂപം മോതിരത്തില്‍ ആലേഖനം ചെയ്യപ്പെടുന്നത് വളരെ വിരളമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. റോമില്‍ സ്ഥിതിചെയ്യുന്ന പ്രിസില്ലയുടെ ശവകുടീരത്തില്‍ പ്രാചീനകാലത്തെ നല്ലിടയന്റെ രൂപം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കേസറിയയില്‍ കണ്ടെത്തിയ മോതിരം അതിന്റെ വലുപ്പം പരിഗണിക്കുമ്പോള്‍ ഒരു സ്ത്രീയുടെതാണെന്നാണ് ഗവേഷകര്‍ കരുതുന്നത്.
ഈ സ്ഥലം മൂന്നാം നൂറ്റാണ്ടില്‍ റോമന്‍ സാമ്രാജ്യത്തിന്റെ പ്രാദേശിക തലസ്ഥാനമായിരുന്നു. ഇക്കാലത്താണ് വിവിധ മത വിഭാഗങ്ങള്‍ ജീവിക്കുന്ന കേസറിയ പോലുള്ള സ്ഥലങ്ങളിലേക്ക് ക്രൈസ്തവ വിശ്വാസം വ്യാപിക്കുന്നതെന്ന് ഹെലേന സോകോളോവ് വിശദീകരിച്ചു. വരും ദിവസങ്ങളില്‍ ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാനാണ് ഗവേഷകരുടെ തീരുമാനം.