ന്യൂഡല്‍ഹി: കേരളത്തിലെ യുവതി യുവാക്കള്‍ക്കും, പ്രൊഫഷണലുകള്‍ക്കുമുളള തൊഴില്‍ കുടിയേറ്റം സംബന്ധിച്ച് നോര്‍ക്ക അധികൃതര്‍ ഫിന്‍ലന്റ് പ്രതിനിധികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. നേരത്തേ തുടര്‍ന്നുവന്നിരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കുടിയേറ്റം വേഗത്തിലാക്കുന്നതിനും ഇതിനായുളള നടപടികള്‍ ലഘൂകരിക്കുന്നതിനുമുള്ള ചർച്ചയാണ് നടന്നത്. ഡിസംബര്‍ 14, 15 തീയതികളിലായി ഡല്‍ഹിയിലെ ഫിന്‍ലന്റ് എംബസ്സിയില്‍ നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല നേതൃത്വം നല്‍കി.
കേരളത്തില്‍ നിന്നുളള നഴ്സിങ്ങ് പ്രൊഫഷണലുകള്‍ക്ക് ഫിന്‍ലാന്റിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ക്രീയാത്മകമായ ചര്‍ച്ചയാണ് നടന്നത്. ഇതിനായി ഫിന്‍ലന്റിലേയും കേരളത്തിലേയും നഴ്സിങ്ങ് പഠനത്തിലെ കരിക്കുലം ഏകോപനം സാധ്യമാകുമോ എന്ന് പരിശോധിക്കാന്‍ തീരുമാനമായതായി നോര്‍ക്ക സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഫിന്‍ലാന്റ് തൊഴില്‍ വകുപ്പ് മന്ത്രി മിസ്സ്. ടൂല ഹാറ്റിയാനെന്‍ (Ms.Tuula Haatainen), ഇന്ത്യയിലെ ഫിന്‍ലാന്റ് അംബാസിഡര്‍ മിസ്സ്. റിത്വ കൗക്കു (Ms.Ritva koukku ) എന്നിവരുമായിട്ടായിരുന്ന ഡല്‍ഹിയിലെ രണ്ടാഘട്ട ചര്‍ച്ച.
കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ജര്‍മ്മനിയിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ്- ട്രിപ്പിള്‍ വിന്‍ പദ്ധതിയുടേയും, ബ്രിട്ടനിലേയ്ക്കുളള റിക്രൂട്ട്മെന്റിന്റെയും മാതൃകയില്‍ കുടിയേറ്റ നടപടികള്‍ സാധ്യമാക്കാനാണ് ശ്രമമെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി പറഞ്ഞു.
പി.ആർ.ഒ