Monday, October 7, 2024

HomeAmericaലളിതവും കളങ്കരഹിതവുമായ ജീവിതം കൊണ്ട്‌ തലമുറയെ സ്വാധീനിച്ച യോഗിവര്യനായിരുന്നു മാര്‍ ബര്‍ണബാസ്‌: വെരി. റവ...

ലളിതവും കളങ്കരഹിതവുമായ ജീവിതം കൊണ്ട്‌ തലമുറയെ സ്വാധീനിച്ച യോഗിവര്യനായിരുന്നു മാര്‍ ബര്‍ണബാസ്‌: വെരി. റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ

spot_img
spot_img

വര്‍ഗീസ് പോത്താനിക്കാട് 

ന്യൂയോര്‍ക്ക്: ലളിതമായ ജീവിത ശൈലിയും സ്ഫടിക തുല്യവും കളങ്കരഹിതവുമായ ജീവിതം കൊണ്ട്‌ ഒരു തലമുറയെ, പ്രത്യേകിച്ച്‌ യുവജനതയെ സ്വാധീനിക്കാന്‍ കഴിഞ്ഞ യോഗിവര്യനായിരുന്നു ഭാഗ്യസ്മരനാര്‍ഹനായ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപോലീത്തായെന്ന്‌ വെരി. റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ തന്റെ പ്രസംഗത്തില്‍ സാക്ഷ്യപ്പെടുത്തി.

അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്തായും നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപോലീത്തായുമായിരുന്ന മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മ്രെതാപ്പോലീത്തായുടെ പത്താമത്‌ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച്‌ ന്യൂയോര്‍ക്ക്‌ ചെറി ലെയിന്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബഹുമാനപ്പെട്ട നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ. അഭിവന്ദ്യ മെത്രാപോലീത്തായുടെ ജീവിത നൈര്‍മല്യവും നിസ്വാര്‍ത്ഥ സേവനവും തിരുമേനിയെ വ്യത്യസ്ഥനാക്കിയെന്ന്‌ ബഹു. കോര്‍ എപ്പിസ്‌കോപ്പ പ്രസ്താവിച്ചു.

മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലിത്തായുടെ ഓര്‍മ്മപെരുന്നാള്‍ ഡിസംബര്‍ 9, 10 തീയതികളില്‍ ചെറി ലെയിന്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആഘോഷിച്ചു. 9-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് ഫാ. സുജിത്‌ തോമസിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ബഹു. അച്ചന്റെ പ്രഭാഷണവും ഉണ്ടായിരുന്നു.

മാര്‍ ബര്‍ണബാസ്‌ തിരുമേനിയോടൊപ്പം താമസിക്കുന്നതിനും അദ്ദേഹത്തിന്റെ ശിക്ഷണം സ്വീകരിക്കുന്നതിനും സാധിച്ചത്‌ തന്റെ ആത്മീയ വളര്‍ച്ചയ്ക്കും സഭാ പ്രവര്‍ത്തനത്തിനും മുതല്‍കൂട്ടായി എന്ന്‌ അച്ചന്‍ പറഞ്ഞു. തന്നെപ്പോലുള്ള അനേകം യുവജനങ്ങള്‍ക്ക്‌ ആത്മീയതയിലേക്ക്‌ അടുക്കുന്നതിനും പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കുന്നതിനും പ്രചോദനമായത്‌ ബര്‍ണബാസ്‌ തിരുമേനിയുടെ ജീവിതം ആയിരുന്നു എന്ന്‌ സുജിത്ത്‌ അച്ചന്‍ സാക്ഷ്യപ്പെടുത്തി. ഫിലഡല്‍ഫിയ സെന്റ് തോമസ്‌ പള്ളിയുടെ അസിസ്റ്റന്‍റ്‌ വികാരിയാണ്‌ ഫാ. സുജിത് തോമസ്‌.

ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ യോങ്കേഴ്‌സ്‌ സെന്‍റ്‌ തോമസ്‌ ഇടവക വികാരി വെരി റവ ചെറിയാന്‍ നീലാങ്കല്‍ കോറോപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കാലം ചെയ്ത ബസേലിയോസ്‌ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെയും മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയുടെയും ഓര്‍മ്മ പ്രാര്‍ത്ഥനയും നടത്തി.

വിശുദ്ധ കര്‍ബാനാന്തരം അനുസ്മരണ പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ മാതൃകാ ജീവിതത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രചോദനമാണ്‌ താന്‍ ഉള്‍പ്പെട്ട അനേകം ചെറുപ്പക്കാരെ വൈദിക വൃത്തിയിലേക്ക്‌ നയിച്ചതെന്ന്‌ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ആമുഖമായി അച്ചന്‍ പറഞ്ഞു.  

വെരി റവ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാറ്റന്‍ ഐലന്റ്‌ സെന്‍റ്‌ ജോര്‍ജ്‌ പള്ളി വികാരിയും ബര്‍ണബാസ്‌ തിരുമേനിയുടെ വൈദിക വിദ്യാര്‍ത്ഥിയും തിരുമേനിയുമായി അനേക വര്‍ഷത്തെ അടുപ്പവും ഉണ്ടായിരുന്ന വെരി. റവ. പൌലോസ്‌ ആദായി കോര്‍ എപ്പിസ്കോപ്പ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച്‌ സംസാരിച്ചു. തനിക്ക്‌ ലഭിച്ച പിതൃസ്വത്ത് മുഴുവന്‍ നിര്‍ധനരായ ഭൂരഹിതര്‍ക്ക്‌ പങ്കുവച്ചു കൊടുത്ത മഹാമനസ്കനായിരുന്നു പുണ്യശ്ലോകനായ തിരുമേനി എന്ന്‌ അച്ചന്‍ പറഞ്ഞു.

അമേരിക്കന്‍ ഭദ്രാസനത്തിന്റെ മുന്‍ കൗണ്‍സില്‍ അംഗവും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മുന്‍ അല്‍മായ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീയുമായ വര്‍ഗീസ്‌ പോത്താനിക്കാട്‌ അനുസ്മരണ സന്ദേശം അറിയിച്ച്‌ സംസാരിച്ചു. തിരുമേനിയുടെ ഓര്‍മ്മ കൊണ്ടാടുന്നതിന്‌ അദ്ദേഹത്തിന്‍റെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്നതിനും അപ്പുറം തന്റെ അനുഗ്രഹീത ഓര്‍മ്മ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ആസുത്രണം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു.

മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജി വര്‍ഗീസ്‌, ബിനു കോപ്പാറ, നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കണ്‍സില്‍ അംഗം ജോബി ജോണ്‍ മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കോര കെ കോര, കോരസണ്‍ വര്‍ഗീസ്‌ എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി സംസാരിച്ചു.
മാർ ബര്‍ണബാസിന്റെ സ്മരണാർത്ഥം തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് എല്ലാ വർഷവും സെന്റ്  ഗോറിയോസ് പള്ളിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന “ബർണബാസ് ന്യൂസ്‌ ലെറ്റര്‍” ഫാ. നീലാങ്കൽ കോർ എപ്പീസ്കോപ്പ യോഗത്തിൽ പ്രകാശനം ചെയ്തു. ഇടവക സെക്രട്ടറി കെൻസ് ആദായി നന്ദി പ്രകടനം നടത്തി.

വിവിധ ദേവാലയങ്ങളിൽ നിന്നായി അനേകം വൈദികരും വിശ്വാസികളും പങ്കെടുത്ത് പെരുന്നാൾ തികച്ചും അനുഗ്രഹീതമാക്കി തീർത്തു. നേർച്ച വിളമ്പോടും പെരുന്നാൾ സദ്യയോടും കൂടെ ആഘോഷ പരിപാടികൾ പര്യവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments