Saturday, April 20, 2024

HomeAmericaകേരള റൈറ്റേഴ്‌സ് ഫോറം ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം ദീപ്തമായി

കേരള റൈറ്റേഴ്‌സ് ഫോറം ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം ദീപ്തമായി

spot_img
spot_img

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: ദൈവപുത്രന്റെ തിരുപ്പിറവിയാണ് ക്രിസ്മസ് എങ്കില്‍ പുതുവര്‍ഷപ്പിറവി പ്രത്യാശയുടെയും പ്രതിജ്ഞ പുതുക്കലിന്റെയുമാണ്. എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഡിസംബര്‍ മാസത്തെ മീറ്റിങ്ങ് ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷത്താല്‍ ധന്യമായി.

കേരള കിച്ചണ്‍ റസ്റ്റോറന്റ് വേദിയൊരുക്കിയ സമ്മേളനത്തില്‍ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിച്ച അധ്യക്ഷ പ്രസംഗത്തിനു ശേഷം സെക്രട്ടറി ചെറിയാന്‍ മഠത്തിലേത്ത് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

റൈറ്റേഴ്‌സ് ഫോറം അംഗം എ.സി ജോര്‍ജിന്റെ മാതാവ് ഏലിയാമ്മ ചാക്കോയുടെ നിര്യാണത്തില്‍ യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അതേസമയം, അമേരിക്കയില്‍ ഈയിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ മലയാളികളെ യോഗം അഭിനന്ദിച്ചു.

റൈറ്റേഴ്‌സ് ഫോറം അംഗങ്ങളായ ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മേരി കുന്തറ എന്നിവര്‍ സുന്ദരമായ കരോള്‍ ഗാനവും പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ഗാനവും ആലപിച്ചു.

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന അന്തരിച്ച, സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകനായ ഈശോ ജേക്കബ്ബിന്റെ സ്മരണികയെ റൈറ്റേഴ്‌സ് ഫോറം പബ്ലിഷിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് യോഗത്തിന് പരിചയപ്പെടുത്തി. ഈ സ്മരണിക യാഥാര്‍ത്ഥ്യമാക്കുന്നതിനായി സഹകരിച്ച പ്രൊഫ. എം.എന്‍ കാരിശ്ശേരി, എം.കെ ഹരികുമാര്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് അദ്ദേഹം സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.

ഈ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം സ്മരണികയുടെ പ്രകാശന കര്‍മ്മമായിരുന്നു. മാത്യു നെല്ലിക്കുന്ന്, ഡോ. മാത്യു വൈരമണ്ണിന് സ്മരണികയുടെ ഒരു കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. ഈശോ ജേക്കബ്ബിന്റെ സംഭാവനകളെ മാനിച്ചുകൊണ്ട് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി കേരള റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് പ്രഫ്യാപിച്ചു.

തുടര്‍ന്ന് ആശംസകള്‍ നേര്‍ന്ന റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ ഈശോ ജേക്കബ്ബിനെ സ്മരിച്ചുകൊണ്ട് സംസാരിച്ചു. സാഹിത്യം, ഭാഷ, ഗവേഷണം, മാധ്യമപ്രവര്‍ത്തനം, സാമൂഹിക സേവനം, റിസേര്‍ച്ച് തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഈശോ ജേക്കബ്ബ് എന്ന് ഏവരും ചൂണ്ടിക്കാട്ടി.

ജോണ്‍ കുന്തറ, ടോം വിരിപ്പന്‍, നൈനാന്‍ മാത്തുള്ള, ജോസഫ് പൊന്നോലി, ബോബി മാത്യു, ജോര്‍ജ് ജോസഫ്, മോട്ടി മാത്യു, തോമസ് ചെറുകര, ശശിധരന്‍ നായര്‍, ചെറിയാന്‍ മഠത്തിലേത്ത്, ജോണ്‍ മാത്യു, ഡോ. മാത്യു വൈരമണ്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പിന്നീട് ഡോ. മാത്യു വൈരമണ്ണിന്റെ ‘വൈരമണ്‍ കവിതകള്‍’ എന്ന കവിതാ സമാഹാരം ജോണ്‍ മാത്യു ഒരു കോപ്പി നൈനാന്‍ മാത്തുള്ളയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.

ഹൂസ്റ്റനില്‍ മാത്രമല്ല അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക രംഗത്ത് തിളങ്ങി നില്‍ക്കുന്ന ശശിധരന്‍ നായരുടെ ആത്മകഥ ‘കാലചക്ര’ത്തിന്റെ ഒരു കോപ്പി മാത്യു കുരവയ്ക്കലിനു കൊടുത്തുകൊണ്ട് പ്രകാശനം ചെയ്തു. ശശിധരന്‍ നായര്‍ തന്റെ പ്രഭാഷണത്തില്‍ താന്‍ നടന്നു വന്ന വഴികള്‍ വീണ്ടും ഓര്‍മ്മിച്ചു.

സാഹിത്യ സംഭാവനകള്‍ക്കുള്ള റൈറ്റേഴ്‌സ് ഫോറത്തിന്റെ വര്‍ഷാവസാന അംഗീകാരം എബ്രഹാം തെക്കേമുറിക്കും ബിനോയ് സെബാസ്റ്റ്യനും സമ്മാനിച്ചു. അവാര്‍ഡ് ജേതാക്കളെ മാത്യു നെല്ലിക്കുന്ന് സദസ്സിന് പരിചയപ്പെടുത്തി.

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ അടുത്ത മീറ്റിങ്ങ് 2023 ജനുവരി 29-ാം തീയതി നടക്കുന്നതാണെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു അറിയിച്ചു. പൊറ്റയില്‍ മേനോന്റെ കഥയെക്കുറിച്ചും ഡോ. മാത്യു വൈരമണ്ണിന്റെ വൈരമണ്‍ കഥകളെക്കുറിച്ചും ഉള്ള സാഹിത്യ ചര്‍ച്ച ഉള്‍പ്പെടെയുള്ളവയാണ് യോഗത്തിന്റെ അജണ്ട.

റൈറ്റേഴ്‌സ് ഫോറം ട്രഷറര്‍ മാത്യു മത്തായി കൃതജ്ഞത പറഞ്ഞു. കൈരളി ടി.വി ഹൂസ്റ്റന്‍ ബ്യൂറോ ചീഫ് മോട്ടി മാത്യു വീഡിയോ, സൗണ്ട് സിസ്റ്റം, ഫോട്ടോഗ്രാഫി എന്നിവ സ്തുത്യര്‍ഹമായ വിധത്തില്‍ കൈകാര്യം ചെയ്തു. കേരള കിച്ചണ്‍ റെസ്റ്റോറന്റിന്റെ ലഘുഭക്ഷണത്തോടെ ആഘോഷപരിപാടികള്‍ക്ക് പര്യവസാനമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments