Sunday, January 29, 2023

HomeAmericaപ്രവാസി ഭാരതി കേരള അവാര്‍ഡ് അമേരിക്കന്‍ മലയാളി ഗീത ജോര്‍ജിന്‌

പ്രവാസി ഭാരതി കേരള അവാര്‍ഡ് അമേരിക്കന്‍ മലയാളി ഗീത ജോര്‍ജിന്‌

spot_img
spot_img

സുനു എബ്രഹാം

തിരുവനന്തപുരം: പ്രമുഖ സംഘാടകയും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകയും ഐ.ടി പ്രൊഫഷണലുമായ ഗീത ജോര്‍ജ് (ഫ്രീമോണ്ട് – കാലിഫോര്‍ണിയ) 21-ാമത് പ്രവാസി ഭാരതി കേരള വുമണ്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് -2022ന് അര്‍ഹയായി. 2023 ജനുവരി 11-ാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഗീത ജോര്‍ജിന് പുരസ്‌കാരം സമ്മാനിക്കും.

സാമൂഹിക സേവനം ജീവിതവ്രതമാക്കിയ ഗീത ജോര്‍ജ് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2007ല്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ (മങ്ക) പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ഗീത ജോര്‍ജിന്റെ ഇടപെടലുകള്‍ മലയാളി സമൂഹത്തിന് ഒന്നാകെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ മങ്കയുടെ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണാണ്.

ഫൊക്കാനയിലെ നിറസാന്നിദ്ധ്യമായ ഗീത ജോര്‍ജ് 2000ല്‍ നടന്ന കണ്‍വന്‍ഷന്റെ കോ-ചെയര്‍പേഴ്‌സണായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വച്ചു. 2008 മുതല്‍ 2018 വരെ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഏവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതയായി. നിലവില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പറാണ്. ഫൊക്കാനയുടെ ചാരിറ്റി പ്രോജക്ടുകളുടെ നെടും തൂണാണ്. കൂടാതെ കര്‍മഭൂമിയില്‍ മലയാള ഭാഷയുടെ ഉന്നമനത്തിനായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു.

ചാരിറ്റി മുഖമുദ്രയാക്കി 1995ല്‍ രൂപീകരിക്കപ്പെട്ട വനിതകളുടെ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷനായ ‘വനിത’യുടെ 2013ലെ പ്രസിഡന്റായിരുന്നു ഗീത ജോര്‍ജ്. ഇപ്പോള്‍ സംഘടനയുടെ ചെയര്‍പേഴ്‌സണ്‍ ആണ്. ‘നിരാലംബരെ സഹായിക്കുക, എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക’ എന്നതാണ് 501 c 3 നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ വനിതയുടെ ലക്ഷ്യം. അമേരിക്കയിലെയും ഇന്ത്യയിലെയും നിരവധി സംഘടനകള്‍ക്ക് വനിത സഹായം ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ കോവിഡ് വ്യാപനം, കേരളത്തിലെ പ്രളയം, ഗുജറാത്തിലെയും കാലിഫോര്‍ണിയയിലെയും ഭൂമികുലുക്കം, കാലിഫോര്‍ണിയയിലെ കാട്ടുതീ തുടങ്ങിയ ദുരിതകാലത്ത് വനിത സാമ്പത്തിക സഹായം നല്‍കുകയും ഗീത ജോര്‍ജും ടീമും ദുരിത ബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്തു. വനിത ദുര്‍ബല വിഭാഗങ്ങളുടെ അത്താണിയാണെങ്കില്‍ ഗീത ജോര്‍ജ് ഈ മാതൃകാ സംഘടനയുടെ നട്ടെല്ലാണ്. വനിതാ ശാക്തീകരണത്തിനു പുറമേ പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ടി വനിത നിലകൊള്ളുന്നു.

കാലിഫോര്‍ണിയയിലെ വാം സ്പ്രിങ്ങ്‌സ് റോട്ടറി ക്ലബിന്റെ പ്രസിഡന്റായി 2015ല്‍ സേവനമനുഷ്ഠിച്ച ഗീത ജോര്‍ജ് നിരവധി വര്‍ഷം ക്ലബിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. അര്‍പ്പണ ബോധത്തോടെയുള്ള സാമൂഹിക സേവനത്തിന് ഗീത ജോര്‍ജ് പോള്‍ ഹാരിസ് ഫെലോ അംഗീകാരത്തിന് അര്‍ഹയായിട്ടുണ്ട്.

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഗീത ജോര്‍ജ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് തിരുവനന്തപുരം അലുമ്‌നി (CETA) കാലിഫോര്‍ണിയ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റാണ്. 300 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് നിര്‍ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

സിലിക്കണ്‍വാലിയിലെ ജൂപ്പിറ്റര്‍ നെറ്റ് വര്‍ക്ക്‌സ് സ്‌പെഷ്യലൈസ്ഡ് ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന ഗീത ജോര്‍ജ് തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. 1994ല്‍ കാലിഫോര്‍ണിയയിലെത്തും മുമ്പ് പി.എസ്.ഐ ബാംഗ്ലൂരിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്നു.

ഇലക്‌ട്രോണിക്‌സിലും കമ്പ്യൂട്ടര്‍ ഡെവലെപ്പ്‌മെന്റ് മേഖലയിലും നിരവധി യു.എസ് പേറ്റന്റുകള്‍ ഗീത ജോര്‍ജ് കരസ്ഥമാക്കിയിട്ടുണ്ട്. സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ക്ക് പുറമെ നിരവധി പ്രൊഫഷണല്‍ അവാര്‍ഡുകളും ഗീത ജോര്‍ജിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

മാവേലിക്കരയിലെ ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍, ഫെര്‍ട്ടിലൈസേഴ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എഞ്ചിനീയറായിരുന്ന മലയില്‍ ഈപ്പന്‍ ജോര്‍ജിന്റെയും ഗ്ലോറി ജോര്‍ജിന്റെയും മകളാണ് ഗീത ജോര്‍ജ്. തന്റെ സഹപാഠിയും എഞ്ചിനീയറിങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി ഒന്നാം റാങ്കുകാരനുമായ ചേര്‍ത്തല മേച്ചേരില്‍ വീട്ടില്‍ എം.എന്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യയുമാണ്. ഭര്‍ത്താവിന്റെ വേര്‍പാടാണ് ഗീത ജോര്‍ജിന്റെ ജീവിതത്തിലെ നികത്താനാവാത്ത ദുഃഖം. മക്കളായ അരവിന്ദ്, അശ്വിന്‍ എന്നിവര്‍ എഞ്ചിനീയര്‍മാരായി ജോലി നോക്കുന്നു.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി കണ്‍വന്‍ഷന്‍ സെന്ററില്‍ 2023 ജനുവരി 11-ാം തീയതി 5.15ന് നടക്കുന്ന പുരസ്‌കാര ദാന ചടങ്ങില്‍ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആണ് മുഖ്യാതിഥി. വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഐ.എ.എസ് (റിട്ട), കേരള നിയമസഭാ സ്പീക്കര്‍ എ.എം ഷംസീര്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അഡ്വ. ഐ.ബി സതീശന്‍ എം.എല്‍.എ, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, രാജ്യസഭയുടെ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ കുര്യന്‍ തുടങ്ങിയവരും എം.പിമാരും എം.എല്‍.എമാരും ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സാന്നിധ്യമറിയിക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments