Saturday, December 14, 2024

HomeAmericaമുസ്‌ലിം-അറബ് വിരുദ്ധത തടയാൻ പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം

മുസ്‌ലിം-അറബ് വിരുദ്ധത തടയാൻ പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം

spot_img
spot_img

വാഷിങ്ടൺ: മുസ്‌ലിം-അറബ് വിരുദ്ധ വിദ്വേഷം തടയാൻ പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം. ജോ ബൈഡൻ പ്രസിഡന്റ് പദവി ഒഴിയാൻ അഞ്ച് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണു പ്രഖ്യാപനം വരുന്നത്. മുസ്‌ലിംകളെയും അറബ് വംശജരെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ 100 ഇന കർമപദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇസ്‌ലാമോഫോബിയ തടയാൻ ദേശീയ പദ്ധതി തയാറാക്കുന്നത്.

യുഎസിൽ ജൂതർക്കെതിരെ വിദ്വേഷം ശക്തമാകുന്നുവെന്ന ആശങ്ക ഉയർത്തി 2023 മേയിൽ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ച ആന്റി-സെമിറ്റിക് പ്രതിരോധ പദ്ധതിക്കു സമാനമായാണു പുതിയ നീക്കവും. മാസങ്ങളെടുത്ത് തയാറാക്കിയതാണു പുതിയ ഇസ്‌ലാമോഫോബിയ-അറബ് വിദ്വേഷ വിരുദ്ധ കർമപദ്ധതിയെന്നാണ് ‘അസോഷ്യേറ്റഡ് പ്രസ്’ റിപ്പോർട്ട് ചെയ്യുന്നത്. ഭരണതലത്തിൽ നടപ്പാക്കേണ്ടവ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ 2025 ജനുവരി 20ന് ട്രംപ് അധികാരമേൽക്കുംമുൻപ് തന്നെ നടപ്പിൽവരുത്താനാണ് ആലോചിക്കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

2023ൽ ഒക്ടോബറിൽ ഇല്ലിനോയ്‌സിലെ വീട്ടിൽ ദാരുണമായി കൊല ചെയ്യപ്പെട്ട ആറുവയസുകാരനായ ഫലസ്തീൻ-അമേരിക്കൻ ബാലൻ വാദീ അൽഫായൂമിയെ അനുസ്മരിച്ചാണു കർമപദ്ധതിയുടെ പ്രാധാന്യം ജോ ബൈജൻ ഓർമിപ്പിച്ചത്. അമേരിക്കൻ മുസ്‌ലിംകൾക്കും അറബ് വംശജർക്കുമെതിരായ വിദ്വേഷവും ഭീഷണികളും ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു സംരംഭത്തിനു പ്രസക്തിയേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് ആദ്യ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യുഎസ് യാത്രാ വിലക്കും ബൈഡൻ സൂചിപ്പിക്കുന്നുണ്ട്. എല്ലാ വിശ്വാസ വിഭാഗങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നുമുള്ളവരെ സ്വാഗതം ചെയ്യുന്ന അമേരിക്കൻ ചരിത്രത്തോട് നിരക്കാത്ത നടപടിയും രാജ്യമനഃസാക്ഷിയിലേറ്റ കളങ്കവുമായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്‌ലിംകളായതിന്റെ പേരിലും അറബികളായതിന്റെ പേരിലും അമേരിക്കയിൽ ഈ സമൂഹങ്ങൾ വേട്ടയാടപ്പെടുന്നുണ്ടെന്ന് ബൈഡൻ ചൂണ്ടിക്കാട്ടുന്നു. വ്യക്തികളും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. തെരുവിലൂടെ നടക്കുന്ന കോളജ് വിദ്യാർഥികൾക്കുനേരെ വെടിവയ്പ്പുണ്ടായി. സ്‌കൂളിൽ വിദ്യാർഥികൾ അപമാനിക്കപ്പെട്ടു. മതപരമായി നിഷ്‌കർഷിക്കുന്ന ശിരോവസ്ത്രം പിച്ചിച്ചീന്തപ്പെട്ടു. വിശ്വാസത്തിന്റെ പേരിൽ തൊഴിലവസരം നിഷേധിക്കപ്പെടുകയോ ജോലിയിൽ തരംതാഴ്ത്തപ്പെടുകയോ ചെയ്തു. പേരു കണ്ട് വ്യക്തികൾക്കും എൻജിഒകൾക്കും ഉൾപ്പെടെ സംഭാവനകളും ലോണുകളും ക്രെഡിറ്റ് കാർഡുകളും ബാങ്ക് അക്കൗണ്ടുകളും നിഷേധിക്കപ്പെട്ട സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും ബൈഡൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

പദ്ധതി നടപ്പാക്കാനായി നാലു തരത്തിലുള്ള മുൻഗണനകൾ നിശ്ചയിച്ചിട്ടുണ്ട്. മുസ്‌ലിംകൾക്കും അറബ് വംശജർക്കുമെതിരായ വിദ്വേഷത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ഈ സമൂഹങ്ങളുടെ പൈതൃകത്തിനും സംഭാവനകൾക്കും അംഗീകാരം നൽകുകയുമാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, ഇവരുടെ സുരക്ഷ വർധിപ്പിക്കും. മുസ്‌ലിംകൾക്കും അറബ് വംശജർക്കുമെതിരായ വിവേചനവും പക്ഷപാതവും തടയാനും ഇവരുടെ മതചടങ്ങുകൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും നടപടി സ്വീകരിക്കുമെന്നതാണ് മൂന്നാമത്തെ കാര്യം. നാലാമതായി, വിദ്വേഷത്തിനെതിരായി മതാന്തര ഐക്യദാർഢ്യം രൂപപ്പെടുത്തുകയും കൂട്ടായ പരിശ്രമങ്ങൾ നടത്തുകയും ചെയ്യും.

സർക്കാർ ഫണ്ടുള്ള പ്രവർത്തനങ്ങളിൽ മുസ്‌ലിംകൾക്കും അറബ് അമേരിക്കക്കാർക്കുമെതിരെ വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണെന്നു പദ്ധതിയിൽ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയുടെ ആരംഭകാലം തൊട്ടേ രാഷ്ട്രനിർമാണത്തിൽ സുപ്രധാന പങ്കുവഹിച്ചവരാണ് അറബികളും മുസ്‌ലിംകളും. ഇതേക്കുറിച്ചെല്ലാം ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തും. വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ ഇവരെ കൂടി കൂടുതൽ സജീവമായ പങ്കാളികളാക്കുമെന്നും പ്രഖ്യാപനമുണ്ട്.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ബൈഡൻ ഭരണകൂടത്തിനും ഡെമോക്രാറ്റുകൾക്കുമെതിരെ അമേരിക്കൻ മുസ്‌ലിംകൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് ഇതിന്റെ തിരിച്ചടി ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ പുതിയ നിയമനിർമാണം. അതേസമയം, ട്രംപ് ഭരണകൂടം ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നതും നിർണായകമാകും. ഇറാൻ, ഇറാഖ്, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യമൻ എന്നിങ്ങനെ മുസ്‌ലിം-അറബ് ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ച് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു ആദ്യ ട്രംപ് സർക്കാർ. എന്നാൽ, ഡെമോക്രാറ്റുകളോടുള്ള എതിർപ്പിന്റെ ഭാഗമായി മുസ്‌ലിംകൾ കൂട്ടത്തോടെ ഇത്തവണ ട്രംപിനെ പിന്തുണച്ചിരുന്നു. ഇതിന്റെ മാറ്റങ്ങൾ രണ്ടാമൂഴത്തിൽ ട്രംപിലുണ്ടാകുമോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളും ഈ സമൂഹങ്ങളും ഉറ്റുനോക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments