Thursday, March 28, 2024

HomeArt and Cultureഅഭിനേതാവ് അഥവാഅഭിനവ നേതാവ്

അഭിനേതാവ് അഥവാ
അഭിനവ നേതാവ്

spot_img
spot_img

സിനിമ എനിക്ക് പണ്ടേ ഹരമാണ്. പത്താം വയസ്സിൽ പാത്തുപോയി ‘രമണൻ’ കണ്ടതാണ്. തിരപ്പടത്തോട് അന്നേ അതിരുകടന്ന ഭ്രമത്താൽ, തൊള്ളായിരത്തി തൊണ്ണൂറുകൾ ആയപ്പോഴേക്കും ഗോവിന്ദ് നിഹാലിനി, ശ്യാം ബനഗൽ, അടൂർ ഗോപാലകൃഷ്ണൻ ആദിയായ ഇന്ത്യൻ സിനിമയിലെ മൂല്യബോധമുള്ള മുൻനിര സംവിധായകരിൽ മിക്കവരുടെയും ഒട്ടുമുക്കാൽ പടങ്ങളും ആസ്വദിച്ചുതീർത്തു.

അതിന് ഇത്തിരി മുമ്പും പിമ്പുമായി ‘പഥേർ പാഞ്ചാലി’ (സത്യജിത്‌റായ്), ‘മൃഗയ’ (മൃണാൾ സെൻ), തുടങ്ങിയ പടങ്ങളും, താഴോട്ട്, ബസു ചാറ്റർജി, ഋഷികേശ് മുഖർജി മുതൽ പേരുടെ സിനിമകളും, പലരും ‘പടച്ചിറക്കിയ പൊളിപ്പടങ്ങളും’ എണ്ണമില്ലാതെ കണ്ടു. ഇതിനിടെ ഒരുവിധപ്പെട്ട നടീനടന്മാരുടെ മുഖങ്ങളും ഓർമ്മയുടെചെപ്പിൽ ഇടം പിടിച്ചു.
ശബാന ആസ്മി, സ്മിതാ പാട്ടീൽ, നസൃദ്ദീൻ ഷാ, ഓംപുരി ഇവർക്കൊക്കെ പുറമെ ദിലീപ് കുമാർ, സഞ്ജീവ് കുമാർ, അമിതാബച്ചൻ തുടങ്ങി ‘സൂപ്പർ ഹീറോ’ ലിസ്റ്റിൽപ്പെട്ട സകലരുടെയും മുഖങ്ങളും…
ഇനി പറയട്ടെ; സിനിമ ഇഷ്ടമാണെങ്കിലും, താരങ്ങളെ തെരഞ്ഞെടുപ്പിൽ ഇറക്കിയുള്ള തരംതാണ രാഷ്ട്രീയക്കളിയോടു തരിമ്പും താത്പര്യം എനിക്കില്ല. ഈ പശ്ചാത്തലത്തിലാണ്, രാജ്യതലസ്ഥാനത്തെ ‘ന്യൂഡൽഹി’ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജേഷ് ഖന്നയും, ബി ജെപി സ്ഥാനാർഥിയായി ശത്രുഘ്‌നൻ സിൻഹയും മത്സരരംഗത്ത് ഇറങ്ങുന്നത്.
ഞാൻ പണിയെടുത്തിരുന്ന പത്രത്തിനു പണം മുടക്കുന്ന മുതലാളിമാരിൽ ഒരാളൊഴികെ, മുഴുവൻ പേരും, ‘കാര്യം കാണാൻ കോൺഗ്രസ് കാലും പിടിക്കണം’ എന്ന പക്ഷക്കാരാണ്. മുഖ്യപത്രാധിപർ കൂടിയായ ടി. വി. കുഞ്ഞികൃഷ്ണനാണ് മാറി ചിന്തിക്കുന്നതും, ‘അത്ര താഴാൻ താനില്ല’ എന്ന മനോഭാവം പുലർത്തുന്നതുമായ ആ ഒരാൾ.
ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധേയമായ ‘അന്വേഷണം’ ആരംഭിച്ച ടി.വി., പിന്നെ മാതൃഭൂമിയുടെ വിദേശകാര്യ ലേഖകനായും, സോമയ്യ പബ്ലിഷിംഗ് കമ്പനിയുടെ ദൽഹി എഡിറ്ററായുമൊക്കെ ലോകം അറിഞ്ഞ ആളുമാണ്.
ടി.വി. കുഞ്ഞികൃഷ്ണൻ തുടക്കത്തിൽ വിമുഖത കാണിച്ചെങ്കിലും, ‘പത്രാസു കാട്ടലിലല്ല, പത്രത്തിന്റെ നിലനിൽപ്പിലാകണം കണ്ണ്’ എന്ന് എം.എം. ജേക്കബ്ബും മറ്റും സമ്മർദ്ദം ചെലുത്തി അദ്ദേഹത്തെക്കൊണ്ട് ഒടുക്കം അർദ്ധസമ്മതം മൂളിക്കയും ചെയ്തു.
നാട്ടിലെ ഓലക്കൊട്ടകയിൽ ആദ്യം കണ്ട ഹിന്ദിപ്പടത്തിലൂടെ (‘ആപ് കി കസം’) പണ്ടേ പതിഞ്ഞതാണ്, രാജേഷ് ഖന്ന എന്റെ മനസ്സിൽ. എന്നാലും, റൊമാന്റിക് ഹീറോ ആയ ഖന്നയെക്കാൾ എനിക്കിഷ്ടം ശത്രുഘ്‌നൻ സിൻഹയെ ആണ്. പടം തല്ലിപ്പൊളി ആയാലും, തനിക്കു കിട്ടുന്ന റോൾ ഇഷ്ടൻ ഇരുത്തിപ്പൊരിപ്പിക്കും.
നല്ല അഭിനേതാവെന്നല്ല, നേതാവെന്ന നിലയിലും സിൻഹ സിംഹമാണ്. ആയിടെ ലാൽ കൃഷ്ണ അദ്വാനിജിയുടെ വസതിയിൽ നടന്ന പത്രസമ്മേളനത്തിലും ഞാനത് അറിഞ്ഞതാണ്.
തന്നെ നേരിൽക്കാണാൻ രാജേഷ് ഖന്ന നേരം തന്നത് ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ്, ഈസ്റ്റ് ഓഫ് കൈലാസിലെ ഒരു ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ. (അവിടെയാണത്രേ അന്ന് അദ്ദേഹത്തിന്റെ സുഖചികിത്സ.)

ടി.വി.യും ഞാനും കൃത്യ സമയത്തുതന്നെ നിർദ്ദിഷ്ട സ്ഥലത്തെത്തി. വിസിറ്റിംഗ് കാർഡ് കൊടുത്തുവിട്ടപ്പോൾ അൽപ്പം ഇരിക്കാൻ അറിയിപ്പുണ്ടായി. അരമണിക്കൂർ അക്ഷമരായി ഇരുന്നിട്ടും വിളി വന്നില്ല.
വഴി തടഞ്ഞു നിന്നിരുന്ന ‘ഭയങ്കരനെ’ തള്ളിമാറ്റി കതക് തുറന്ന് ടി.വി.യും ഞാനും അപ്പോൾ അകത്തു കടന്നു. അന്നേരവും ഖന്ന ഭക്ഷണത്തിൽത്തന്നെ; വിശാലമായ മേശമേൽ നിരത്തിവെച്ചിരിക്കുന്ന വിഭവങ്ങൾക്ക് മുന്നിൽ!
വിളിക്കാതെ ചെന്നതിൽ മോന്ത തെല്ലു വളിച്ചത് വകവെക്കാതെ അടുത്തിരുന്ന ഞങ്ങളുടെ മുന്നിലും ചില്ലറ വിഭവങ്ങൾ നിരന്നു. ഭക്ഷണത്തിനിടെ താരത്തിന്റെ മുമ്പിൽ ടി.വി. മൂന്നുനാലു ചോദ്യവും നിരത്തി. അത് ദഹിക്കാതെ കണ്ണുതള്ളിയ ഖന്ന, മുക്കുകയും മൂളുകയും വെള്ളം കുടിക്കുകയും ചെയ്തതല്ലാതെ കൃത്യമായ മറുപടി ഒന്നിനും തന്നില്ല.
”ഇത്രയ്ക്ക് വിവരമില്ലാത്ത ഇയാളെ താങ്ങാൻ ഞാനില്ല.” പുറത്ത് ഇറങ്ങിയപ്പോൾ ടി.വി. എന്റെ നേരെ മുരണ്ടു… ”പത്രത്തിലേക്ക് വേണേൽ താങ്കൾ തോന്നുന്നത് തട്ടിവിട്ടോളൂ…”
*
കോൺഗ്രസുകാരനായിട്ടും തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ പിണങ്ങി, ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇറങ്ങുകയായിരുന്നു ശത്രുഘ്‌നൻസിൻഹ അന്ന്. ഉറ്റ സുഹൃത്തുകൂടിയായ രാജേഷ് ഖന്നയാണ് 28,256 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 1992 ലെ ആ മത്സരത്തിൽ ജയിച്ചത്.
ശത്രുഘ്‌നൻസിൻഹ ആകട്ടെ പിന്നീട് പലവട്ടം ജയിച്ച് എംപിയും വാജ്‌പേയി മന്ത്രിസഭയിൽ മന്ത്രിയുമൊക്കെയായി. പക്ഷേ, രാജേഷ് ഖന്ന 2012 ൽ മരിക്കുന്നതുവരെ സിൻഹയെ ‘ശത്രു’വായിത്തന്നെ കണ്ടു. താൻ മുൻകൈ എടുത്തിട്ടുപോലും സംസാരിക്കാൻകൂടി രാജേഷ്ഖന്ന പിന്നീട് തയ്യാറായിട്ടില്ലെന്ന് ശത്രുഘ്‌നൻ സിൻഹ വെളിപ്പെടുത്തിയിട്ടുണ്ട്.

ചെട്ടികുളങ്ങര വേണുകുമാർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments