Thursday, April 25, 2024

HomeAstrologyജീവിതത്തില്‍ വഴിത്തിരിവാകുന്ന ശനി ദശാ കാലങ്ങള്‍...

ജീവിതത്തില്‍ വഴിത്തിരിവാകുന്ന ശനി ദശാ കാലങ്ങള്‍…

spot_img
spot_img

ശനി ഗ്രഹത്തിന് ഏറെ പ്രാധാന്യമുണ്ട് ഓരോ രാശിക്കാരുടെയും ജീവിതത്തില്‍. സാധാരണ കണ്ടകശനി, ഏഴര ശനി, ശനിദശ എന്നിങ്ങനെ കേള്‍ക്കുന്നത് പോലും ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വിഭാഗം ഇപ്പോഴും ഇതിനെ ഭയത്തോടെ കാണുന്നുണ്ട്. കണ്ടകശനി കൊണ്ടേ പോകൂ എന്നുള്ളത് നമുക്കിടയില്‍ സുപരിചിതമാണ്. ഇത്തരം പ്രയോഗങ്ങള്‍ പേടിയുടെ ആഴം കൂട്ടുന്നു. സാധാരണ മനുഷ്യന്റെ കഷ്ടകാലത്തോട് ചേര്‍ത്തു വ്യക്തമാക്കുന്ന പദപ്രയോഗങ്ങളാണ് ഇവയൊക്കെ.

ജ്യോതിഷം വ്യക്തമാക്കുന്നത് അനുസരിച്ച് ഓരോ വിശ്വാസികളുടെയും ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവിന് കാരണമാകുന്നതാണ് ശനി കാലങ്ങള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ആശങ്ക ഉണ്ടാകുന്നത് കണ്ടക ശനിയുടെ കാര്യത്തില്‍ ആയിരിക്കും. കണ്ടക ശനിയുടെ കാലം നക്ഷത്ര ജാതനെ സംബന്ധിച്ച് ഏറെ ക്ലേശകരമായ ഘട്ടം ആയിരിക്കും. ഒരുപാട് ബുദ്ധിമുട്ടുകള്‍ ചില രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നേരിടേണ്ടി വന്നേക്കാം. ചെയ്യുന്ന കാര്യങ്ങളൊന്നും നല്ലതായി ഭവിക്കണമെന്നില്ല. ഒരുപാട് പരീക്ഷണങ്ങളുടെ കാലമായിരിക്കുമിത്.

സാധാരണയായി കണ്ടകശനിക്ക് പലതരത്തിലുള്ള അര്‍ത്ഥങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. കേന്ദ്ര ഭാവങ്ങളെയാണ് കണ്ടകം എന്നതുകൊണ്ട് ഉദ്ദേശിക്കുക. ഇതിന് പുറമേ കണ്ടകത്തിന് ശത്രു, ഉപദ്രവകാരി, മുള്ള് എന്നിങ്ങനെയുള്ള വ്യത്യസ്ത അര്‍ത്ഥങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ജനിച്ച കൂറിനെ ഒന്നായി കണക്കാക്കിയാല്‍ അതിലും അതിന്റെ 4, 7, 10 എന്നീ കൂറുകളിലും ശനി സഞ്ചരിക്കുന്ന രണ്ടര വര്‍ഷങ്ങളാണ് കണ്ടക ശനിക്കാലം എന്നറിയപ്പെടുന്നത്.

അതിനാല്‍, കണ്ടക ശനി ശ്രദ്ധിക്കേണ്ടതുമാണ്. ഇവ അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ സൃഷ്ടിക്കുക കണ്ടക ശനിയില്‍ നിന്നുമാണെന്ന് സാരം. ഇത് രണ്ടര വര്‍ഷക്കാലം ദുരിത കാലത്തിന് കാരണമാകും. സാധാരണ ഓരോ 30 വര്‍ഷം കൂടുമ്പോഴും നാല് കണ്ടക ശനിയുടെ കാലം ഉണ്ടാകാറുണ്ട് എന്നാണ് പറയപ്പെടുക. അതായത് ശനി ജന്മരാശിയിലും നാലിലും ഏഴിലും പത്തിലും സഞ്ചരിക്കുന്ന പത്തു വര്‍ഷങ്ങള്‍. (രണ്ടര വര്‍ഷം ഃ 4 രാശികള്‍ = 10 വര്‍ഷം).

ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ അവരുടെ സ്വന്തം ജന്മ നക്ഷത്രത്തില്‍ കണ്ടക ശനി വ്യത്യസ്ത തലത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നാണ് ജ്യോതിഷം പറയുക. അതായത് ആരോഗ്യപ്രശ്‌നങ്ങള്‍, വ്യക്തിത്വ പ്രതിസന്ധി, അപവാദത്തിനിരയാകല്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത പ്രതിസന്ധികള്‍ കണ്ടക ശനിയുടെ ഭാഗമായി ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ സംഭവിക്കാം. പുറമേ, ദുഷ്‌കീര്‍ത്തിയും എല്ലാം ഈ കാലയളവില്‍ സംഭവിച്ചേക്കാം.

ജൂലൈ 12 മുതല്‍ വരുന്ന ജനുവരി 17 വരെ അതായത് 2023 വരെ ആറുമാസക്കാലം ശനിയുടെ വക്രഗതിയാണ്. അതായത് മകരം രാശിയിലാണ് ശനി സഞ്ചരിക്കുക. ഇത് ചില മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുകളും അവരുടെ ജീവിതത്തില്‍ പ്രയാസങ്ങളും നേരിടുന്നതിന് കാരണമാകും. എന്നിരുന്നാല്‍ ശനി 3, 6, 11 എന്നീ മൂന്നു ഭാവത്തിലായിരിക്കും അനുകൂലമായി വരിക. മറ്റുചില ഭാവങ്ങളില്‍ കഠിന പ്രതിസന്ധിയും വലിയ ദോഷങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശനിയുടെ സഞ്ചാരം കൊണ്ട് കണ്ടകശനിദോഷം ഏതൊക്കെ നാളുകാരെയാണ് ഈ രണ്ടര വര്‍ഷം ബാധിക്കുക. കൂറും നാളും അടിസ്ഥാനപ്പെടുത്തി കണ്ടകശനിയുടെ ഓരോരുത്തരെയും എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാം.

മേടക്കൂറിന് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)

മേടരാശിക്കാരുടെ ജീവിതത്തില്‍ ശനി പത്താമെടത്തില്‍ വന്നിരിക്കുകയാണ്. സാധാരണയായി പത്താം ഭാവത്തിലെ ശനി കണ്ടകശനി എന്നറിയപ്പെടുന്നു. ഈ രാശിയില്‍ ഉള്‍പ്പെടുന്നവരുടെ കര്‍മ്മരംഗത്തെ ശനി ബാധിച്ചേക്കാം. തൊഴില്‍ മേഖലയിലും ദുരിതങ്ങള്‍ ഉണ്ടായേക്കാം. പുതിയ ജോലി തിരക്ക് നടക്കുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാകണമെന്നില്ല. കുടുംബത്തില്‍ സമാധാനം കുറഞ്ഞേക്കാം. ദാമ്പത്യരംഗത്തിലും മോശകാലമാണ്.

ഇടവക്കൂറിന് (കാര്‍ത്തിക 2,3,4 പാദങ്ങള്‍, രോഹിണി, മകയിരം ആദ്യ രണ്ടു പാദങ്ങള്‍)

ഈ രാശിക്കാരുടെ ഒമ്പതാമെടത്താണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുക. അതിനാല്‍ ഇവയുടെ കാരണത്താല്‍ ഗുരുവിനും പിതാവിനും ക്ലേശങ്ങള്‍ക്ക് സാധ്യതയുണ്ട്. തീരുമാനിച്ച കാര്യങ്ങളില്‍ നിന്നും പിന്‍വാങ്ങിയേക്കും. ശത്രുക്കളില്‍ നിന്നും നിങ്ങള്‍ക്ക് ജയിക്കാന്‍ കഴിയില്ല. പേരക്കുട്ടികളുടെ കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടാവാം. പണത്തിന്റെ വരവുകളില്‍ കുറയും. ഉറക്കക്കുറവ് അനുഭവപ്പെടും.

കര്‍ക്കടകക്കൂറിന് (പുണര്‍തം നാലാം പാദം, പൂയം, ആയില്യം)

ഏഴാം രാശിയിലെ ശനി, കണ്ടക ശനിയായി വിശേഷിപ്പിക്കപ്പെടുന്നു. കലഹവാസനയെ നിയന്ത്രിക്കേണ്ടതുണ്ട്. വ്യാപാരം, കൃഷി എന്നീ മേഖലയില്‍ ഉളളവര്‍ക്ക് പ്രയത്‌നത്തിനനുസരിച്ച് ഫലം കിട്ടിയില്ല. പ്രധാനമായും ദാമ്പത്യം, പ്രണയം, കൂട്ടുകച്ചവടം, വിദേശയാത്ര ഇവയെ ശനി പ്രതികൂലമായി ബാധിക്കുമെന്ന് ജോതിഷികള്‍ പറയുന്നു. എന്നാല്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയിലും പരസ്പര വിശ്വാസം നഷ്ടമാകാം. പ്രണയത്തിന്റെ സ്‌നേഹോഷ്മളത കുറഞ്ഞേക്കാം.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1,2,3 പാദങ്ങള്‍)

ഇക്കൂട്ടരുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ഉണ്ടായിരിക്കണം. അഷ്ടമശനി എന്നു പറയുന്ന ദോഷ സമയമാണ്. അതിനാല്‍ തന്നെ മനസ്സുഖം കുറയാന്‍ സാധ്യത ഉണ്ട്. വാഹനം ഉപയോഗിക്കുന്ന വ്യക്തികള്‍ ആണെങ്കില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പണത്തിന്റെ ലഭ്യത കുറയും.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

പല തരം നേട്ടങ്ങള്‍ കരഗതമാവും. രോഗ ദുരിതങ്ങള്‍ കുറയും. തൊഴില്‍ മേഖലയില്‍ വലിയ അഭിവൃദ്ധി വന്നുചേരും. മത്സര പരീക്ഷകളില്‍ വിജയം പ്രതീക്ഷിക്കാം.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങള്‍, അത്തം, ചിത്തിര 1,2 പാദങ്ങള്‍)

ശനിയുടെ അഞ്ചാം രാശിയിലെ സഞ്ചാരഫലമായി സന്താന ക്ലേശമുണ്ടാകാം. ദാമ്പത്യജീവിതത്തില്‍ പിണക്കങ്ങളോ പരിഭവങ്ങളോ വന്നുചേരാനിടയുണ്ട്. കലാകാരന്മാര്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കണമെന്നില്ല. തീരുമാനങ്ങള്‍ മാറി മറിഞ്ഞേക്കും.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

ഇത് കണ്ടകശനിയാണ്. അതായത്, നാലാം രാശിയിലാണ് ശനിയുടെ സഞ്ചാരം. മനസ്സുഖം ഉണ്ടാകണമെന്നില്ല. ജോലിമാറാനുള്ള തീരുമാനം, മാറ്റിവെക്കുന്നത് നല്ലതാണ്. ഭൂമിപരമായി അനാവശ്യമായ തര്‍ക്കങ്ങള്‍ ഉയരാം. വീട്ടില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തോന്നല്‍ ശക്തമാകും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ഇക്കൂട്ടര്‍ക്ക് ശനിയുടെ കാരത്താല്‍ സാമ്പത്തികമായി ഉയര്‍ച്ച വരാം. പൊതുപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കും. വിദ്യാര്‍ത്ഥികളുടെ പഠനമികവ് അംഗീകരിക്കപ്പെടും. ദാമ്പത്യം പ്രേമസുരഭിലമാകുന്നതാണ്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

മുഖ രോഗങ്ങള്‍ക്ക് ചികിത്സ വേണ്ടി വന്നേക്കും. ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരില്ല. ആരോഗ്യം ശ്രദ്ധിക്കണം. പണം സൂക്ഷിച്ച് ചെലവാക്കുക. അനാവശ്യ വിവാദങ്ങളില്‍ തലയിടാതെ നോക്കണം.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1,2 പാദങ്ങള്‍)

അര്‍ഹതക്ക് അംഗീകാരം കിട്ടണമെന്നില്ല. പരീക്ഷകളില്‍ വലിയ വിജയം നേടില്ല. ഏഴര ശനിയിലെ ജന്മശനിയും കണ്ടകശനിയും ഒക്കെ ഒരുമിച്ച് വന്നെത്തിയിരിക്കുന്ന കാലമാണ്. ശ്രദ്ധ മാത്രം കൊടുക്കുക. ദീര്‍ഘ ദൂര യാത്രകള്‍ മാറ്റി വെക്കുന്നത് നല്ലത്.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങള്‍, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങള്‍)

ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിന് സാധ്യത. ഗൃഹനിര്‍മ്മാണം മന്ദഗതിയിലാകും. ഉറപ്പിച്ച കാര്യങ്ങളില്‍ നിന്നും പിന്നോട്ട് പോകുന്നത് ആക്ഷേപത്തിനിടയാക്കും. ഏഴര ശനി തുടരുകയാണ്. ചെലവുകള്‍ ക്രമാതീതമാവും.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

പ്രണയജീവിതം ശബളാഭമാകും. ശനി പതിനൊന്നിലാണ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാനാവും. സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹ ജീവിതം ഉണ്ടാകും. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും പദവികള്‍ ലഭിക്കാനും സാധ്യതയുണ്ട്. കിടപ്പ് രോഗികള്‍ക്ക് സമാശ്വാസകാലമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments