ന്യൂഡല്‍ഹി: ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ തീപിടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഓലക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം.
പൂനെയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് കമ്ബനിക്കെതിര അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഒകിനവയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചതും അന്വേഷിക്കും. സംഭവത്തില്‍ പിതാവും മകളും മരിച്ചിരുന്നു. വീടിനോട് ചേര്‍ന്ന് ഇലക്‌ട്രിക് സ്‌കുട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചതായിരുന്നു. രാത്രിയോടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചാണ് ഇരുവരും മരിച്ചത്.
ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്നത് ഗൗരവമായാണ് കേന്ദ്രം കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ ഇ സ്‌കൂട്ടറില്‍ നിന്ന് അകറ്റുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.
ഓല എസ്1 പ്രോ ആണ് കഴിഞ്ഞ ആഴ്ച അഗ്നിക്കിരയായത്. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവം. സ്‌കൂട്ടറിനു തീപിടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം അറിഞ്ഞെന്നും അന്വേഷണം നടക്കുകയാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഓല അറിയിച്ചു