ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ വൈദ്യുത സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന (എസ് യു വി)മായ “ഇ ട്രോണി’ന്റെ ഇന്ത്യയില്‍ എത്തി. കഴിഞ്ഞ വര്‍ഷം അവസാനം വില്‍പ്പനയ്‌ക്കെത്തിയ മെഴ്‌സീഡിസ് ബെന്‍സ് “ഇ ക്യു സി’യെയും ഇക്കൊല്ലം വിപണിയിലെത്തിയ ജഗ്വാര്‍ “ഐ പേസി’നെയും നേരിടാന്‍ ലക്ഷ്യമിട്ടാണു ഔഡി ഇന്ത്യ, ബാറ്ററിയില്‍ നിന്നു കരുത്തു കണ്ടെത്തുന്ന “ഇ ട്രോണ്‍’ അവതരിപ്പിച്ചത്.
അരങ്ങേറ്റത്തിനു മുന്നോടിയായി ഔഡി ഇന്ത്യയുടെ ആദ്യ വൈദ്യുത കാറായ “ഇ ട്രോണ്‍’ ഷോറൂമുകളില്‍ എത്തിയിട്ടുണ്ട്. വൈകാതെ കാറിനുള്ള പ്രീ ബുക്കിങ്ങിനും തുടക്കമാവുമെന്നാണു പ്രതീക്ഷ. വില സംബന്ധിച്ച പ്രഖ്യാപനമൊന്നും ഔഡി നടത്തിയിട്ടില്ലെങ്കിലും “ഇ ട്രോണ്‍’ സ്വന്തമാക്കാന്‍ 1.30 കോടി രൂപയോളം മുടക്കേണ്ടിവരുമെന്നാണു സൂചന.
ആഗോളതലത്തില്‍ മികച്ച സ്വീകാര്യത കൈവരിച്ച പിന്‍ബലത്തോടെയാണ് “ഇ ട്രോണ്‍’ ഇന്ത്യന്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. സാഹചര്യം അനുകൂലമല്ലാതിരുന്നിട്ടും 2020 ജനുവരി ജൂണ്‍ കാലത്ത് 17,641 “ഇ ട്രോണ്‍’ വില്‍ക്കാന്‍ ഔഡിക്കു സാധിച്ചു.
“ഇ ട്രോണി’ല്‍ കഴിഞ്ഞ വര്‍ഷം വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഔഡി രണ്ടാമതൊരു ഓണ്‍ ബോര്‍ഡ് ചാര്‍ജര്‍ കൂടി ലഭ്യമാക്കുന്നുണ്ട്. 71.2 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന “ഇ ട്രോണി’ന് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 6.8 സെക്കന്‍ഡ് മതി.
മണിക്കൂറില്‍ 190 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. യാത്രക്കാരുടെ എണ്ണം, സഞ്ചരിക്കുന്ന പ്രതലം, ഡ്രൈവിങ് ശൈലി തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഒറ്റ ചാര്‍ജില്‍ 282 മുതല്‍ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ “ഇ ട്രോണി’നു സാധിക്കുമെന്നാണ് ഔഡിയുടെ വാഗ്ദാനം.
പുതുതലമുറ ആഡംബര കാറുകളുടെയും എസ് യു വികളുടെയും മാതൃകയില്‍ കഴിയുന്നത്ര സ്വിച്ചുകളും ബട്ടനുകളും ഒഴിവാക്കിയാണ് ഔഡി “ഇ ട്രോണി’ന്റെ അകത്തളം സജ്ജീകരിച്ചിരിക്കുന്നത്. പകരം ഭാവിയിലെ കാബിനെന്ന വിശേഷണത്തോടെ ഡ്രൈവര്‍ക്കു നേരെ ചരിഞ്ഞിരിക്കുന്ന രണ്ടു വലിയ ടച് സ്ക്രീന്‍ യൂണിറ്റുകളിലാണു വാഹനത്തിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ മിക്കതും.
മള്‍ട്ടി ഫംക്ഷന്‍ സ്റ്റീയറിങ് വീല്‍, നാലു മേഖലയായി തിരിച്ച ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയവയും കാറിലുണ്ട്.