ബീജിംഗ്: ശതകോടീശ്വരനും ചൈനീസ് ടെക് ബാങ്കറുമായ ബാവോ ഫാനെ കാണാനില്ലെന്ന് പരാതിയുമായി അദ്ദേഹത്തിന്റെ കമ്ബനി.
ചൈന റിനൈസന്‍സ് കമ്ബനിയുടെ ചെയര്‍മാനാണ് നിലവില്‍ ബാവോ ഫാന്‍.
ബാവോയെ പറ്റി യാതൊരു വിവരവും ലഭ്യമല്ലെന്നാണ് കമ്ബനി വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു. ഈ വിവരം ഹോങ്കോംഗ് സ്റ്റോക്ക് എക്‌സേഞ്ചിനെയും കമ്ബനി അറിയിച്ചിരുന്നു.
ചൈനയിലെ ഏറ്റവും പ്രമുഖനായ ശതകോടിശ്വരനാണ് ബാവോ ഫാന്‍. 1990കളിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലിയുമായി ചേര്‍ന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. എം ആന്റ് എ ബാങ്കര്‍ എന്ന പദവിയിലൂടെയാണ് തുടക്കം. പിന്നീട് ഷാങ്ഹായിലെയും ഷെന്‍സെനിലെയും സ്റ്റോക്ക് എകസേഞ്ചുകളുടെ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ക്രഡിറ്റ് സ്യൂസിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഒന്നാം തലമുറ ടെക് സംരംഭങ്ങളോട് തനിക്ക് വലിയൊരു ആകര്‍ഷണം തോന്നിയിരുന്നുവെന്ന് ഒരിക്കല്‍ ബാവോ പറഞ്ഞിരുന്നു. ചൈനയുടെ ഭാവി നിശ്ചയിക്കുന്നത് ഈ സ്ഥാപനങ്ങളായിരിക്കും എന്ന് തോന്നിയിരുന്നുവെന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. 2005ലാണ് ഇദ്ദേഹം ചൈന റിനൈസന്‍സ് എന്ന കമ്ബനി സ്ഥാപിക്കുന്നത്. 2018ല്‍ തന്നെ ഈ കമ്ബനി ഹോങ്കോംഗ് സറ്റോക്ക് എക്‌സേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ചൈനയിലെ നിരവധി ബിസിനസ്സ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും കമ്ബനികള്‍ക്കും ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്ന് ഫണ്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
ചൈനീസ് ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളായ നിയോ, ലീ ഓട്ടോ എന്നിവയിലും ബാവോ നിക്ഷേപം നടത്തിയിട്ടുണ്ട്.
ലോകോത്തരമായ ഒരു സാമ്ബത്തിക സ്ഥാപനം കെട്ടിപ്പടുക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നാണ് 2018ല്‍ ഒരു അഭിമുഖത്തില്‍ ബാവോ പറഞ്ഞത്.”സമ്ബദ് വ്യവസ്ഥക്ക് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ചൈന. ഇനിയും ഒരു പാട് ദൂരം പോകാനുണ്ട്”, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കഴിഞ്ഞ രണ്ട് ദിവസമായി ബാവോയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് ചൈന റിനൈസന്‍സ് കമ്ബനി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച മുതലാണ് അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ലാതായി തുടങ്ങിയത്.
വളരെയധികം കഠിനാധ്വാനം ചെയ്യേണ്ട നാളുകളാണ് ഇനി മുന്നിലുള്ളത് എന്നാണ് റിനൈസന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി കമ്ബനി ജീവനക്കാരോട് പറഞ്ഞത്. നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കേണ്ടെന്നും കമ്ബനി എക്‌സിക്യൂട്ടീവ് കമ്മിറ്റി ജീവനക്കാരോട് പറഞ്ഞിട്ടുണ്ട്.