ഇന്ത്യൻ ഓഹരി സൂചികകൾ പുതിയ ഉയരത്തിലേക്ക്. സെൻസെക്സ് ചരിത്രത്തിലാദ്യമായി 78,000 പോയിന്റും നിഫ്റ്റി 23,700 പോയിന്‍റും മറികടന്നു. ഇന്ന് വ്യാപാരത്തിനിടെ ഒരുവേള 800 പോയിന്‍റോളം കുതിച്ച് 78,164 എന്ന സർവകാല റെക്കോർഡ് ഉയരം കുറിച്ച സെൻസെക്സ് വ്യാപാരാന്ത്യത്തിലുള്ളത് 712.44 പോയിന്‍റ് (+0.92%) നേട്ടവുമായി 78,053.52ലും നിഫ്റ്റിയുള്ളത് 183.45 പോയിന്‍റ് (+0.78%) ഉയർന്ന് 23,721ലുമാണ്. എക്കാലത്തെയും മികച്ച ക്ലോസിങ് പോയിന്‍റാണിത്. ഇന്ന് ഇൻട്രാഡേയിൽ നിഫ്റ്റി 23,754 എന്ന റെക്കോഡ് തൊട്ടിരുന്നു. രൂപയും ഇന്നു ഡോളറിനെതിരെ നേട്ടം കുറിച്ചു. വ്യാപാരാന്ത്യത്തിൽ മൂന്ന് പൈസ ഉയർന്ന് 83.44 ആണ് മൂല്യം.
ഇന്ത്യയുടെ വിദേശനാണ്യ വരുമാനവും ചെലവും തമ്മിലെ അന്തരം ഇക്കഴിഞ്ഞ ജനുവരി- മാർച്ച് പാദത്തിൽ മിച്ചം ആയിരുന്നെന്ന റിസർവ് ബാങ്കിന്‍റെ റിപ്പോർട്ടും ഏഷ്യൻ ഓഹരി വിപണികൾ പൊതുവേ കാഴ്ചവച്ച നേട്ടവുമാണ് ഓഹരി വിപണിക്ക് ഗുണമായത്. യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ കുറയ്ക്കാൻ വൈകില്ലെന്ന വിലയിരുത്തലും കരുത്തായി.
സ്വകാര്യ ബാങ്കോഹരികൾ സ്വന്തമാക്കിയ മികച്ച വാങ്ങൽ താൽപര്യമാണ് ഇന്നു സൂചികകളെ റെക്കോർഡിലേക്ക് ഉയർത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക് വൈകാതെ വിപണിയിലെ ഏറ്റവും ഉയർന്ന ലാഭക്ഷമതിയിലേക്കു തിരിച്ചെത്തുമെന്ന ചില ബ്രോക്കറേജുകളുടെ പ്രസ്താവനയും ബാങ്കിങ്, ധനകാര്യസേവന ഓഹരികളെ ഇന്നു മുന്നോട്ടു നയിച്ചു.
നിഫ്റ്റിയിൽ ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് ഒന്നര മുതൽ 3.7% വരെ ഉയർന്ന് നേട്ടത്തിൽ മുന്നിൽ. മറ്റ് വൻകിട ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി എന്നിവയും നേട്ടത്തിന് പിന്തുണ നൽകി. ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ്, ഒഎൻജിസി എന്നിവ 1.2 മുതൽ 2.75 ശതമാനം വരെ താഴ്ന്ന് നഷ്ടത്തിൽ മുന്നിലെത്തി.
മികച്ച വെയിറ്റേജുള്ള എച്ച്ഡിഎഫ്സി ബാങ്കടക്കം കാഴ്ചവച്ച മുന്നേറ്റം ഇന്ന് ബാങ്ക് നിഫ്റ്റിയെയും പുതിയ ഉയരത്തിലെത്തിച്ചു. ബാങ്ക് നിഫ്റ്റി 1.74% ഉയർന്ന് റെക്കോർഡ് 52,606ലെത്തി. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 1.90%, ഐടി 0.81% എന്നിങ്ങനെയും നേട്ടമുണ്ടാക്കി. 1.70 ശതമാനമാണ് നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ നേട്ടം. 1.75% താഴ്ന്ന നിഫ്റ്റി റിയൽറ്റിയാണു നഷ്ടത്തിൽ മുന്നിൽ.