മുംബൈ: റിലയന്‍സ് റീട്ടെയില്‍ ബിസിനസിന്റെ ചുമതല മകള്‍ ഇഷക്ക് നല്‍കി വ്യവസായി മുകേഷ് അംബാനി. തിങ്കളാഴ്ച നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി തന്റെ മകള്‍ ഇഷയെ റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസിന്റെ തലപ്പത്ത് നിയമിച്ചത്.
ജൂണില്‍ ടെലികോം യൂനിറ്റായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി മകന്‍ ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ചുമതല ഏറ്റെടുത്തശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് എ.ജി.എമ്മില്‍ (വാര്‍ഷിക പൊതുയോഗം) ഇഷ അംബാനി വാട്സ്‌ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗ്രോസറി ഓര്‍ഡറുകള്‍ നല്‍കുന്നതിനെ കുറിച്ചും പണമിടപാടുകള്‍ നടത്തുന്നതിനെ കുറിച്ചുമുള്ള പുതിയ പദ്ധതികളുടെ അവതരണം നടത്തിയിട്ടുണ്ട്.
മിതമായ നിരക്കില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും റിലയന്‍സ് റീട്ടെയില്‍ ഇന്ത്യന്‍ കരകൗശല വിദഗ്ധര്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ വിപണനം ചെയ്യാന്‍ തുടങ്ങുമെന്നും ഇഷ പറഞ്ഞു.
യേല്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയും മക്കിന്‍സി ആന്‍ഡ് മക്കിന്‍സിയിലെ മുന്‍ കണ്‍സള്‍ട്ടന്റുമായ ഇഷ, 2016ല്‍തന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ അജിയോ ആരംഭിച്ച് ഇ-കൊമേഴ്‌സ് വഴി ഫാഷന്‍ റീട്ടെയില്‍ മേഖലയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
റിലയന്‍സ് റീട്ടെയിലിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഉഭപോക്തൃ ഇലക്‌ട്രോണിക് ശൃംഖലയായ റിലയന്‍സ് ഡിജിറ്റല്‍, ജിയോമാര്‍ട്ട് എന്നിവ ഉള്‍പ്പടെയുള്ളവ പ്രവര്‍ത്തിച്ചുവരുന്നു. 15,000ലധികം സ്റ്റോറുകള്‍ ഇതിനകം റിലയന്‍സ് റീട്ടെയിലിനുണ്ട്