Friday, June 13, 2025

HomeCanadaഇന്ത്യ – കാനഡ തർക്കം: ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചു.

ഇന്ത്യ – കാനഡ തർക്കം: ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചു.

spot_img
spot_img

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നതിനിടെ, ഇന്ത്യയിൽ നിന്നും 41 നയതന്ത്ര ഉദ്യോ​ഗസ്ഥരെ കാനഡ പിൻവലിച്ചു. 21 പേർ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടി. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങളിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

”ഇന്ത്യയിലെ 21 കനേഡിയൻ നയതന്ത്രജ്ഞർക്കും ഇവരുടെ ആശ്രിതർക്കും ഒഴികെ മറ്റെല്ലാവർക്കും ഒക്ടോബർ 20 നകം നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റ് 41 കനേഡിയൻ നയതന്ത്രജ്ഞരുടെയും അവരുടെ ആശ്രിതരുടെയും സുരക്ഷയെ ഇത് ബാധിക്കും എന്നാണ് ഇതിനർത്ഥം”, കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലെയും കോൺസുലേറ്റുകളിലെ സേവനത്തെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ”നിർഭാഗ്യവശാൽ, ചണ്ഡീഗഢിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും ഞങ്ങൾ താൽകാലികമായി നിർത്തേണ്ടതുണ്ട്,” മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയോടെ കാനഡയിലെ 21 നയതന്ത്രജ്ഞർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒഴികെ മറ്റെല്ലാവർക്കും നയതന്ത്ര പരിരക്ഷ പിൻവലിക്കാനായിരുന്നു ഇന്ത്യയുടെ നീക്കമെന്നും ഇതിന് കാനഡ പ്രതികാരം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും മെലാനി ജോളി പറഞ്ഞു. ഇന്ത്യയുമായി ഇടപഴകുന്നത് തുടരുമെന്നും ജോളി കൂട്ടിച്ചേർത്തു. കാനഡയ്ക്ക് ആകെ 62 നയതന്ത്ര പ്രതിനിധികളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്.

ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇതേത്തുടർന്ന് കാനഡയിൽ നിന്നുള്ള വിസ അപേക്ഷകൾ പ്രോസസ് ചെയ്യുന്നത് ഇന്ത്യ താൽകാലികമായി നിർത്തി വെച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂണിൽ വാൻകൂവറിന് സമീപമുള്ള സിഖ് ക്ഷേത്രത്തിന്റെ പാർക്കിംഗ് സ്ഥലത്തു വെച്ച്, മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1997 ൽ കാനഡയിലേക്ക് കുടിയേറിയ ഇയാൾക്ക് 2015 ൽ കനേഡിയൻ പൗരത്വം ലഭിച്ചിരുന്നു.

കാനഡ ഹാജരാക്കുന്ന ഏത് തെളിവും പരിശോധിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ പ്രതികരിച്ചിരുന്നു. കാനഡയിൽ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ച് നിരവധി തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നേരെ ആക്രമണമുണ്ടായ കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. മുൻവിധിയോടെയാണ് ഇന്ത്യയ്‌ക്കെതിരെ കാനഡ ആരോപണങ്ങൾ ഉന്നയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ”നിജ്ജർ കേസ് സംബന്ധിച്ച്, പ്രത്യേക വിവരങ്ങളൊന്നും കാനഡ ഇന്ത്യയുമായി പങ്കിട്ടിട്ടില്ല. അവർ പറയുന്ന വിവരങ്ങൾ പരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഞങ്ങൾ ചില വ്യക്തികളുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചിരുന്നുവെങ്കിലും കാനഡ അതിൽ നടപടിയെടുത്തിട്ടില്ല”, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ ന്യൂ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments