Thursday, February 2, 2023

HomeCinemaഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

spot_img
spot_img

ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. രണ്ടുവർഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകൾക്ക് മുൻപ് ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിൽ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രസാദിനെ പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. കുടുബാംഗങ്ങളുടെ സൗകര്യത്തിനായി അദ്ദേഹത്തെ പിന്നീട് കോട്ടയത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചുവരുമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം.

ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം. മാതൃഭൂമി പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവൽ ശ്രദ്ധ നേടിയിരുന്നു.

1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാൺകിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇരുവട്ടം മണവാട്ടി, സർക്കാർ ദാദ, ബംഗ്ലാവിൽ ഔദ, ലങ്ക, ഒരാൾ, ജയം, സീത കല്യാണം, കള്ളന്റെ മകൻ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. 2018 ൽ റിലീസ് ചെയ്ത ലാൽജോസ് ചിത്രം തട്ടിൻ പുറത്ത് അച്യുതന് വേണ്ടിയാണ് ഒടുവിൽ ഗാനരചന ചെയ്തത്.

അറുപതോളം സിനിമകൾക്കു പ്രസാദ് പാട്ടെഴുതിയിട്ടുണ്ട്. അവയിൽ പലതും വൻ ഹിറ്റുകളായിരുന്നു. എട്ടു പ്രഫഷനൽ നാടകങ്ങളടക്കം നാൽപതിലേറെ നാടകങ്ങളുടെ രചയിതാവാണ്. നടൻ, അവതാരകൻ, സഹസംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിൽ കഥയെഴുതിത്തുടങ്ങിയപ്പോഴാണ് ബി.ആർ. പ്രസാദ് എന്നു പേരുമാറ്റിയത്. അതേ പേരിൽ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാർ പ്രസാദ് എന്നു പരിഷ്‌കരിച്ചത്. ചെറുപ്പത്തിൽ സംഗീതവും താളവാദ്യവുമായിരുന്നു ആദ്യത്തെ ഇഷ്ടം. കുട്ടിക്കാലം മുതൽ കവിതാസ്വാദകനായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളെഴുതി അവതരിപ്പിച്ചു തുടങ്ങി. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതിയിട്ടുണ്ട്.

പിന്നീട് ‘ഷഡ്കാല ഗോവിന്ദമാരാർ’ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമൽസരത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. എം.ടിയുടെ ആശിർവാദത്തോടെ അതു സിനിമയാക്കാൻ ഒരുക്കങ്ങൾ നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഭരതനുമായുള്ള അടുപ്പത്തിൽ അദ്ദേഹത്തിന്റെ ‘ചമയം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. അതിന്റെ തിരക്കഥയെഴുത്തിൽ ജോൺ പോളിന്റെ സഹായിയുമായി.

പ്രിയദർശന്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. അതിലെ ഗാനങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും അവസരങ്ങളെത്തി. ‘ജലോൽസവം’ എന്ന സിബി മലയിൽ ചിത്രത്തിലെ ‘കേരനിരകളാടും…’ എന്ന ഗാനം മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള പത്തു പാട്ടുകൾ ആകാശവാണി തിരഞ്ഞെടുത്തപ്പോൾ അതിൽ രണ്ടാമത് ഈ ഗാനമായിരുന്നു.ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും അടക്കം ഇരുനൂറോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 15 വർഷത്തോളം ചാനൽ അവതാരകനായിരുന്നു. ചന്ദ്രോൽസവം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സനിത പ്രസാദ്.ഒരു മകനും മകളുമുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments