മാരത്തോൺ ഓട്ടം വിജയിക്കുന്ന ആവേശത്തിൽ മലയാള സിനിമാ പ്രേമികൾ സ്പോർട്സ്മാൻ സ്പിരിറ്റോട് കൂടി ഓടിയെത്തിയ ഫിനിഷിങ് പോയിന്റ്. അതായിരുന്നു ‘L2 എമ്പുരാൻ’ (L2 Empuraan) പ്രീ- ബുക്കിംഗ് ആരംഭിച്ച ദിവസത്തെ ബുക്കിംഗ് ആപ്പുകളിലെ ഫലം. ഓടിക്ഷീണിച്ചവർക്കുള്ള ട്രോഫി കൂടിയായി മാറി അവർ കഷ്‌ടപ്പെട്ടു സ്വന്തമാക്കിയ ടിക്കറ്റുകൾ. 645K യിലധികം ടിക്കറ്റുകളാണ് ആദ്യ ദിവസം വിറ്റുപോയത്. ഇത് അഡ്വാൻസ് ബുക്കിങ്, ബ്ലോക്ക്ഡ് സീറ്റുകൾ എന്നിവയുടെ ആകെത്തുകയായി കണക്കാക്കാം.
പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യദിന കളക്ഷനായ 8.75 കോടി രൂപ എന്ന റെക്കോർഡ് ടിക്കറ്റ് വിൽപ്പന ദിനത്തിന്റെ ആദ്യദിനത്തിൽ തന്നെ ‘എമ്പുരാൻ’ മറികടന്നിരിക്കുന്നു. കേരളത്തിൽ നിന്ന് മാത്രമായി ‘എമ്പുരാൻ’ കളക്ഷൻ തുക ഒൻപതു കോടിക്ക് പുറത്തുപോയി. ലോകമെമ്പാടു നിന്നുമായി എമ്പുരാൻ കളക്ഷൻ തുക 28കോടി കടന്നു.
2024 ന്റെ തുടക്കത്തിൽ മഞ്ഞുമ്മൽ ബോയ്‌സ് ഒരു അപ്രതീക്ഷിത ബ്ലോക്ക്ബസ്റ്ററായി മാറി 141 കോടി രൂപ കളക്ഷൻ നേടിയിരുന്നു. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി മാറുകയുമുണ്ടായി. എന്നിരുന്നാലും, മോഹൻലാലിന്റെ ആരാധകവൃന്ദവും പൃഥ്വിരാജിന്റെ സംവിധാന മികവും കൂടിയാൽ, ‘L2: എമ്പുരാൻ’ ചരിത്രം തിരുത്തിയെഴുതാൻ എല്ലാ അവസരങ്ങളും നൽകുന്നു.
ഈ വേഗത നിലനിർത്തിയാൽ, കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലുടനീളം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിയുമെന്ന് വ്യവസായ വിദഗ്ധർ വിശ്വസിക്കുന്നു. അഡ്വാൻസ് ബുക്കിംഗുകൾ ഇതിനകം തന്നെ വൻതോതിൽ ആരംഭിച്ചതിനാൽ, മലയാള സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡുകൾ പുനർനിർവചിക്കാൻ കഴിയുന്ന ആദ്യ ദിവസത്തെ കണക്കുകളിലാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ.
പൃഥ്വിരാജ് സുകുമാരന്റെ മൂന്നാമത് സംവിധാന സംരംഭമായ ചിത്രത്തിൽ, അബ്രാം ഖുറേഷി എന്ന നായക കഥാപാത്രമായി മോഹൻലാൽ വേഷമിടുന്നു. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ വേഷമിടുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മാർച്ച് 27 ആണ് റിലീസ് തിയതി.