മുംബൈ: ലക്‌നൗ സൂപര്‍ ജയന്റ്‌സ് നായകനായ ഇന്‍ഡ്യന്‍ ക്രികറ്റ് താരം കെ എല്‍ രാഹുലും സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം നടക്കുമെന്ന് റിപോര്‍ട്.
ഈ വര്‍ഷം തന്നെ വിവാഹം നടന്നേക്കുമെന്ന് ബോളിവുഡ് വാര്‍ത്താ പോര്‍ടലായ പിങ്ക് വില്ല റിപോര്‍ട് ചെയ്തു.
ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. വിവാഹത്തിനുള്ള തയ്യാറെടുപ്പ് ഇരുവരുടെയും കുടുംബങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും റിപോര്‍ടില്‍ പറയുന്നു. ദക്ഷിണേന്‍ഡ്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹമെന്നാണ് വിവരം.
ഇന്‍ഡ്യയുടെ സൂപര്‍ താരങ്ങളിലൊരാളായ രാഹുല്‍, കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആതിയയുമായുള്ള പ്രണയം പരസ്യമാക്കിയത്. ആതിയയുടെ ജന്മദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും രാഹുല്‍ പങ്കുവച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാഹുല്‍ പരസ്യമാക്കിയതോടെയാണ് ബന്ധം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം, രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ, അച്ഛന്‍ സുനില്‍ ഷെട്ടിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ലക്‌നൗ സൂപര്‍ ജയന്റ്‌സിന് പിന്തുണയുമായി ആതിയ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
അതേസമയം, വിവാഹ വാര്‍ത്തയില്‍ രാഹുലോ ആതിയയോ കുടുംബങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.