വാരാണസി: ഭോജ്പുരി നടി അകാന്‍ഷ ദുബെ (25) നടി അകാന്‍ഷ ദുബെ ജീവനൊടുക്കിയ സംഭവത്തില്‍ ഗായകന്‍ സമര്‍ സിങ്ങിനും സഹോദരന്‍ സഞ്ജയ് സിങ്ങിനുമെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
ഇരുവരും രാജ്യം വിടുന്നത് തടയാന്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും അവരുടെ വിശദാംശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് സാരാനാഥ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ധര്‍മ്മപാല്‍ സിങ് പറഞ്ഞു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് അകാന്‍ഷയുടെ അമ്മ മധു ദുബെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സമര്‍ സിങ്ങിനും സഞ്ജയ് സിങ്ങിനുമെതിരെ കേസെടുത്തത്. അകാന്‍ഷയും സമറും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് അഭ്യൂഹമുണ്ടായിരുന്നു.

കഴിഞ്ഞ മാസം 26നാണ് അകാന്‍ഷയെ ഹോട്ടല്‍മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഇന്‍സ്റ്റഗ്രാമില്‍ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയായിരുന്നു മരണം. അകാന്‍ഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് അമ്മയുടെ അഭിഭാഷകന്‍ ശശാഖ് ശേഖര്‍ ത്രിപാഠി രംഗത്തെത്തിയിരുന്നു.
സംഭവം സിബിഐയോ സിബിസിഐഡിയോ അന്വേഷിക്കണമെന്നു ത്രിപാഠി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. അകാന്‍ഷയുടെ മരണം ആത്മഹത്യയല്ലെന്നും ഹോട്ടല്‍ മുറിയില്‍ ചിലര്‍ കൊലപ്പെടുത്തിയതാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ത്രിപാഠി ആരോപിച്ചു.