രാജമഹേന്ദ്രവാരം: തെലുങ്ക് സിനിമ താരങ്ങളായ പ്രഭാസിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍.
ആന്ധ്രാപ്രദേശിലാണ് ഈ ദാരുണ സംഭവം. പ്രഭാസ് ആരാധകനായ കിഷോറാണ് കൊല്ലപ്പെട്ടത്. പവന്‍ കല്യാണ്‍ ആരാധകനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
എല്ലൂര്‍ സ്വദേശികളായ ഹരികുമാറും കിഷോര്‍ കുമാറും രാജാമഹേന്ദ്രവാരത്തേയ്‍ക്ക് ജോലിക്കായി എത്തിയതായിരുന്നു. എല്ലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ് ഹരികുമാര്‍. കിഷോര്‍ ആകട്ടെ പവന്‍ കല്യാണിന്റെ കടുത്ത ആരാധകനും.
ഹരികുമാര്‍ പ്രഭാസിന്റെ ഫോട്ടോ വാട്‍സ് ആപ് സ്റ്റാറ്റസായി ഇട്ടതാണ് പ്രശ്‍നങ്ങള്‍ക്ക് തുടക്കം. താന്‍ ഒരു പവന്‍ കല്യാണ്‍ ആരാധകനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ സ്റ്റാറ്റസ് ആക്കണമെന്നും കിഷോര്‍ ഹരികുമാറിനോട് പറഞ്ഞു. എന്നാല്‍ ഹരി കുമാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. താന്‍ പ്രഭാസിന്റെ ഫാന്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ കിഷോര്‍ സ്റ്റാറ്റസ് ആക്കണമെന്നും ഹരി കുമാര്‍ പറഞ്ഞു.
ഇതിനെ ചൊല്ലിയാണ് കിഷോറും ഹരി കുമാറും തര്‍ക്കം തുടങ്ങിത്. നടന്‍ പ്രഭാസിന്റെ ഫോട്ടോ മാറ്റുകയും പവന്‍ കല്യാണിനെ സ്റ്റാറ്റസാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഹരി കുമാര്‍ തയ്യാറായില്ല. ഇതോടെ കിഷോര്‍ പ്രഭാസിനെയും താരത്തിന്റെ ആരാധകനായ ഹരി കുമാറെയും ചീത്തവിളിച്ചു.
തന്റെ ഇഷ്‍ട താരത്തെ അപമാനിച്ചതിനാല്‍ കിഷോറിനെ ഹരി കുമാര്‍ ആക്രമിച്ചു. കിഷോറും തിരിച്ചടിച്ചു. ഇരുവരും വടിയും സിമന്റു കട്ടയും എടുത്ത് പരസ്‍പരം മര്‍ദ്ദിച്ചു. പരസ്‍പരമുള്ള ആക്രമണത്തില്‍ കിഷോറിന് ജീവന്‍ നഷ്‍ടമാകുകയും ഹരികുമാറിന് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.