തിരുവനന്തപുരം: നടി മാലാ പാര്‍വതി അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവെച്ചു. പീഡനക്കേസ് പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സംഘടനയിലെ അംഗമായി തുടരുമെന്നും അമ്മ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വിയോജിപ്പുണ്ടെന്നും നടി വ്യക്തമാക്കി.
ഏപ്രില്‍ 27ന് ചേര്‍ന്ന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ആരോപണമുയര്‍ന്നതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ്ബാബു ഫേസ്ബുക്ക് ലൈവ് നടത്തിയതിന് പിന്നാലെയായിരുന്നു ഐ.സി.സി യോഗം.
ഈ റിപ്പോര്‍ട്ട് അമ്മ യോഗത്തില്‍ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ അമ്മ എക്‌സിക്യൂട്ടീവിന് തൊട്ടുമുമ്പ് ലഭിച്ച വിജയ് ബാബുവിന്റെ കത്ത് മാത്രമാണ് യോഗത്തില്‍ പരിഗണിച്ചത്.
ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ എക്‌സിക്യൂട്ടീല്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നായിരുന്നു വിജയ് ബാബുവിന്റെ കത്തിലെ ഉള്ളടക്കം. വിജയ്ബാബുവിന്റെ ആവശ്യം അംഗീകരിച്ചുവെന്ന നിലയിലായിരുന്നു അമ്മയുടെ വാര്‍ത്താകുറിപ്പ്.