യോഗമില്ലാത്തതിനാലാവാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനു തന്നെ പരിഗണിക്കാതെ പോയതെന്ന് നടി മഞ്ജു പിള്ള. നല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍ വിഷമുണ്ടെന്നും കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹോം സിനിമയെ അവാര്‍ഡ് കമ്മിറ്റി അവഗണിച്ചു എന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു നടി.
”സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത ആളാണ് ഞാന്‍. പലരും ഫോണില്‍ വാര്‍ത്തകള്‍ അയച്ചുതന്നിരുന്നു. അവാര്‍ഡ് കിട്ടാന്‍ യോഗമില്ലെന്നു തോന്നുന്നു. ഹോം സിനിമയെ സംബന്ധിച്ച് എന്തു വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. പക്ഷേ എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റിനിര്‍ത്തപ്പെടരുത്.
ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴു വര്‍ഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകന്‍ റോജിന്‍ തോമസ് രൂപപ്പെടുത്തിയെടുത്തത്. മാത്രമല്ല ഈ ചിത്രത്തിനു പുറകില്‍ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്. ലോക്ഡൗണ്‍ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. എന്തെങ്കിലും ഒരു കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കരുത്. ഒരു പ്രശ്‌നത്തിന്റെ പേരില്‍ സിനിമയെ മാറ്റിനിര്‍ത്താന്‍ പറ്റില്ലല്ലോ. അങ്ങനെയെങ്കില്‍ ഒരു സിനിമയും ചെയ്യാന്‍ പറ്റില്ല.