Thursday, April 18, 2024

HomeCinemaകേരള സ്റ്റോറിക്ക് പത്തു മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി, വിവാദം പുകയുന്നു

കേരള സ്റ്റോറിക്ക് പത്തു മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി, വിവാദം പുകയുന്നു

spot_img
spot_img

ന്യൂഡല്‍ഹി : കേരള സ്റ്റോറിക്ക് പത്തു മാറ്റങ്ങളോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. വിപുല്‍ അമൃത്ലാല്‍ ഷാ പ്രൊഡക്ഷന്റെ ബാനറില്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമ കേരളത്തെ അധിക്ഷേപിക്കുന്നതാണ് എന്നാണു വിമര്‍ശനം. കേരളത്തിലും പുറത്തും വലിയ പ്രതിഷേധമുണ്ട്. സിനിമ നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സിനിമയില്‍നിന്നു മുന്‍ കേരള മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം, ചില സംഭാഷണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. പാക്കിസ്ഥാന്‍ വഴി ഭീകരര്‍ക്ക് അമേരിക്കയും സഹായം നല്‍കുന്നു, ഹിന്ദുക്കളെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എന്നു പറയുന്ന ഭാഗത്തെ ഇന്ത്യന്‍ എന്നതു മാറ്റണമെന്നും നിര്‍ദേശിച്ചെന്നാണു റിപ്പോര്‍ട്ട്.

കേരളത്തില്‍നിന്നുള്ള നാലു സ്ത്രീകള്‍ മതംമാറി ഭീകര സംഘടനയായ ഐഎസില്‍ ചേരുന്നതാണു സിനിമയുടെ പ്രമേയം. ട്രെയിലര്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. 32,000 അല്ല അതിലധികം ആളുകള്‍ മതം മാറി കേരളത്തില്‍നിന്ന് ഐഎസില്‍ പോയിട്ടുണ്ടെന്നു സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞതും വിവാദമായി. ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഒരുക്കിയതെന്നും കണ്ടിട്ടുവേണം രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കാനെന്നും സുദീപ്‌തോ പറഞ്ഞു.

‘ദ് കേരള സ്റ്റോറി’ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിര്‍മിച്ചതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു.

മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാര്‍ പ്രചാരണത്തെ ഏറ്റുപിടിക്കുകയാണ് സിനിമ ചെയ്യുന്നത്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments