മുംബൈ: ഭീമമായ ചികിത്സാച്ചെലവു വഹിക്കേണ്ടി വന്നപ്പോള്‍ പഴയ സൂപ്പര്‍ നിര്‍മാതാവിനു കൈത്താങ്ങായത് അദ്ദേഹത്തിന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാല്‍. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓര്‍ക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ നിര്‍മാതാവ് പി.കെ.ആര്‍. പിള്ള കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
അവസാന കാലത്ത് മറവിരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നെങ്കിലും അപ്പാടെ തകര്‍ന്ന അവസ്ഥയിലായിരുന്നില്ല പിള്ളയുടെ കുടുംബം. എല്ലാ മാസവും ഭീമമായ തുക ചികിത്സക്കായി വേണ്ടി വന്നതായിരുന്നു ഏക വെല്ലുവിളി.
ഇക്കാര്യം അറിഞ്ഞ മോഹന്‍ലാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ മുമ്പോട്ടു വന്നു. എല്ലാ മാസവും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ചെലവിനുമുള്ള തുക മുടങ്ങാതെ അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ പഴയ നിര്‍മാതാവിനോടുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിച്ചത്.
എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആര്‍.പിള്ള. മുംബൈയിലായിരുന്നു ബിസിനസിന്റെ ഏറിയ പങ്കും. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 20 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ 22 സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു.
പത്തു വര്‍ഷം മുമ്പ് ബിസിനസ് തകര്‍ന്നതോടെ മുംബൈ വിട്ട് തൃശൂരില്‍ താമസമാക്കി. അതിനിടെ സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നതായും പലവട്ടം അതിനായി ശ്രമിച്ചിരുന്നതായും ഭാര്യ രമ മുന്‍പ് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങളുണ്ടായിരുന്നു പി.കെ.ആര്‍. പിളളയ്ക്ക്. ഒപ്പം നിന്നവര്‍ അവയെല്ലാം തന്ത്രപൂര്‍വം കൈവശപ്പെടുത്തിയതോടെയാണ് തകര്‍ച്ച ആരംഭിച്ചത്. അക്കാലത്ത് ആറുകോടിയിലധികം രൂപ വിലമതിക്കുന്ന വീട് വെറും 70 ലക്ഷത്തിനു വിറ്റെന്നും വാര്‍ത്തകള്‍ വന്നിരുന്നു. സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സിനിമയില്‍ നിന്നുളള പല ബന്ധങ്ങളും അകന്നു.
ചാനലുകളില്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. ഇളയ മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയുടെ സഹായം തേടി. അതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍, ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത അവസ്ഥയിലാണ് പി.കെ.ആര്‍. പിള്ളയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.