മുംബൈ: ഐപിഎസ് ഓഫിസറുടെ കാറിനു നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ നടി ഡിംപിള്‍ ഹയാതിക്കും സുഹൃത്തിനുമെതിരെ ക്രിമിനല്‍ കേസ്. ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ഹെഗ്ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്. ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.
ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് നടിയുടെ സുഹൃത്തിന്റെ കാറും പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനവും തമ്മില്‍ അബദ്ധത്തില്‍ ഇടിച്ചിരുന്നു. കാറിന് കേടുപാടും പറ്റി. ഇതോടെ ഐപിഎസ് ഓഫിസറുടെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി കേടുപാടുവരുത്തിയെന്നാണ് കേസ്.
നടി മനഃപൂര്‍വം കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ ആരോപിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് നടിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. എന്നാല്‍ ഈ പൊലീസ് ഡ്രൈവര്‍ ഇതിനു മുമ്പും ഡിംപിളിനോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇവരെ പ്രകോപിപ്പിക്കാന്‍ മനഃപൂര്‍വം ഉണ്ടാക്കിയ സംഭവമാണിതെന്നും ഡിംപിള്‍ ഹയാതിയുടെ വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെലുങ്ക് ചിത്രം ഖിലാഡി, തമിഴ് ചിത്രങ്ങളായ വീരമേ വാഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്‌റംഗി രേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഡിംപിള്‍ ഹയാതി.