സിഐഡി മൂസ, ചെസ്, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ തെന്നിന്ത്യൻ നടൻ ആശിഷ് വിദ്യാര്‍ത്ഥി അറുപതാം വയസില്‍ വീണ്ടും വിവാഹിതനായി. അസമില്‍ നിന്നുള്ള നടി ശകുന്തള ബറുവയുടെ മകള്‍ രൂപാലി ബറുവയാണ് വധു. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഫാഷൻ സംരംഭത്തിന്റെ ഉടമയാണിവര്‍. ഗുവാഹട്ടിയാണ് സ്വദേശം.
ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. രൂപാലിയെ സ്വന്തമാക്കിയതും ഈ പ്രായത്തില്‍ വിവാഹം കഴിച്ചതും വളരെ വ്യത്യസ്തമായ അനുഭവമായാണ് തോന്നുന്നതെന്ന് നടൻ പറഞ്ഞു. കുറച്ചു നാളുകള്‍ക്ക് മുമ്ബായിരുന്നു രൂപാലിയെ ആദ്യമായി കണ്ടുമുട്ടിയത്. വിവാഹ ചടങ്ങ് ലളിതമയി നടത്തിയാല്‍ മതിയെന്ന് രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചതാണെന്നും ആശിഷ് വിദ്യാര്‍ത്ഥി വ്യക്തമാക്കി.
ബോളിവുഡ്, കന്നഡ, തെലുങ്കു, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാര്‍ത്ഥി വില്ലൻ വേഷങ്ങളിലാണ് കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയത്. ഒഡിയ, മറാത്തി. ബംഗാളി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്