തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ബയോവെപ്പണ്‍ എന്ന് വിളിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താന സ്വന്തം ജീവിതം സിനിമയാക്കുന്നു. അതിന്റെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്. അങ്ങനെയൊരു പെണ്‍കുട്ടി നേരിട്ട ഒരു പ്രശ്‌നമാണിത്. പ്രതീക്ഷിക്കാത്ത ഒരു കാര്യം, പ്രതീക്ഷിക്കാത്ത രീതിയില്‍ വളര്‍ന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ അത് മുന്നോട്ട് പോയി. ജനങ്ങള്‍ മറ്റൊരു തരത്തില്‍ ഇതിനെ കാണാന്‍ തുടങ്ങുന്നു. തനിക്കാണെങ്കില്‍ ഒരു മാറ്റവും ഇതില്‍ സംഭവിച്ചിട്ടില്ല എന്നാണ് ഐഷ സുല്‍ത്താന പറയുന്നത്.
പലരും രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തെ ഇത്ര നിസാരമായി നേരിട്ട ഒരാള്‍ താന്‍ ആണെന്നും ഐഷ സുല്‍ത്താന പറയുന്നുണ്ട്. മുമ്പ് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടവരും തന്നെ പോലെ ആയിരുന്നോ എന്ന് ഇപ്പോള്‍ ആലോചിക്കുകയാണെന്നാണ് ഐഷ പറയുന്നത്.
ഇതെന്തായാലും തന്റെ സ്വന്തം അനുഭവം ആണ്. ഈ അനുഭവം തനിക്കൊരു സിനിമ ആക്കിയാല്‍ കൊള്ളാമെന്നുണ്ടെന്നാണ് ഐഷ പോയന്റ് ബ്ലാങ്കില്‍ ജിമ്മി ജെയിംസിനോട് പറഞ്ഞത്. താന്‍ ഒരു സംവിധായിക ആയതുകൊണ്ട്, തനിക്ക് സിനിമയിലൂടെ ആയിരിക്കും ഇക്കാര്യങ്ങള്‍ പറയാന്‍ കഴിയുക.
സിനിമയുടെ ആലോചന മാത്രമാണോ നടക്കുന്നത് എന്ന ചോദ്യത്തിനും ഐഷയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. താന്‍ അതിന്റെ ജോലികള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് ഐഷ വ്യക്തമാക്കിയത്. സിനിമയുടെ മറ്റ് വിവരങ്ങള്‍ വഴിയേ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.
ബിജെപി നേതാവായിരുന്ന പ്രഫല്‍ ഖോഡ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചതിന് ശേഷം ആയിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ വലിയ എതിര്‍പ്പുകള്‍ക്കായിരുന്നു വഴിവച്ചത്. ഈ വിഷയം പൊതുജന മധ്യത്തില്‍ എത്തിക്കുന്നതില്‍ മുന്നില്‍ നിന്നത് ദ്വീപ് സ്വദേശിയും സംവിധായികയും ആയ ഐഷ സുല്‍ത്താന ആയിരുന്നു.
മീഡിയവണ്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ ആയിരുന്നു ഐഷ സുല്‍ത്താനയുടെ വിവാദ പരാമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ ദ്വീപിന് നേക്ക് ജൈവായുധം ഉപയോഗിക്കുന്നു എന്ന മട്ടിലായിരുന്നു അത്. പിന്നീട് ലക്ഷദ്വീപിലെ ബിജെപി നേതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കവരത്തി പോലീസ് രാജ്യദ്രോഹത്തിന് കേസ് എടുത്തത്.
രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളം കവരത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഐഷയുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. ഫോണിലെ കോണ്‍ടാക്ടുകള്‍ പോലും പകര്‍ത്തിയെടുക്കാന്‍ സമ്മതിക്കാതെ ആയിരുന്നു പോലീസിന്റെ നീക്കമെന്നും ഐഷ പിന്നീട് വെളിപ്പെടുത്തിയിരുന്നു.