ന്യൂഡൽഹി: പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ചു നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ സെപ്റ്റംബർ 6ന് തന്റെ സിനിമ ‘എമർജൻസി’ പുറത്തിറങ്ങുമ്പോൾ കാണാമെന്നു നടിയും ലോക്‌സഭാംഗവുമായ കങ്കണ റനൗട്ട്. കങ്കണയുടെ ആദ്യ സംവിധാന സംരംഭംകൂടിയാണ് ചിത്രം.
‘‘ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടും. ഈ സിനിമയുടെ നിർമാണ ഘട്ടങ്ങളിൽ ഒരുപാടു ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. സ്വന്തമായി ഫണ്ട് കണ്ടെത്തിയും ആഭരണങ്ങൾ വിറ്റുമാണു സിനിമ പൂർത്തിയാക്കിയത്. ഈ ചിത്രം നിർമിച്ചിരിക്കുന്നത് രാജീവ് ഗാന്ധി എഴുതിയ പുസ്തകവും അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നുതന്നെ ലഭിച്ച ആധികാരിക രേഖകളുടെയും അടിസ്ഥാനത്തിലാണ്’’– കങ്കണ പറയുന്നു.
അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ലെന്നും ജനങ്ങളിതു മനസ്സിലാക്കി കോൺഗ്രസിനെ തള്ളിയതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാവാതിരിക്കാനാണു ജനങ്ങൾ ബിജെപിക്ക് എതിരെ വോട്ടു ചെയ്തതെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരവും പ്രധാനമന്ത്രി മോദി 140 കോടി ഇന്ത്യക്കാരെ കഴിഞ്ഞ 10 വർഷം ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ യിലിട്ടെന്ന് മല്ലികാർജുൻ ഖർഗെയും തിരിച്ചടിച്ചിരുന്നു. ഇതിനിടയിലാണു കങ്കണയുടെ പ്രതികരണം.
1975–ലെ ഇന്ത്യൻ അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയാണു കങ്കണ ‘എമർജൻസി’ ഒരുക്കുന്നത്.