ചലച്ചിത്ര സംവിധായകൻ എസ് എസ് രാജമൗലി, ഭാര്യ രമ രാജമൗലി, ശബാന ആസ്മി, റിതേഷ് സിദ്ധ്വാനി എന്നിവരടക്കം 487 പുതിയ അംഗങ്ങളെ അക്കാദമിയിൽ ഉൾപ്പെടുത്താൻ ക്ഷണിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. ഓസ്കർ പുരസ്കാരങ്ങളുടെ 2024 ക്ലാസിലാണ് ഇവർ ഉൾപ്പെടാൻ പോവുന്നത്. ഓസ്കർ പുരസ്കാരം നേടിയിട്ടുള്ള 19 പേരും നോമിനേഷൻ ലഭിച്ചിട്ടുള്ള 71 പേരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഛായാഗ്രാഹകൻ രവി വർമ്മൻ, ചലച്ചിത്ര നിർമ്മാതാവ് റിമ ദാസ്, ‘നാട്ടു നാട്ടു’ ഗാനത്തിൻെറ കൊറിയോഗ്രാഫർ പ്രേം രക്ഷിത് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിലവിൽ ക്ഷണിക്കപ്പെട്ടിട്ടുള്ള എല്ലാവരും അക്കാദമി അംഗത്വം സീകരിച്ചാൽ ആകെ അംഗങ്ങളുടെ എണ്ണം 10,910 ആയി ഉയരും. ഇവരിൽ 9000ത്തിലധികം പേർക്ക് വോട്ട് ചെയ്യാൻ യോഗ്യതയുമുണ്ടാവും.
അക്കാദമി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് പ്രകാരം 2024 ക്ലാസിലേക്ക് പുതിയതായി ക്ഷണിക്കപ്പെട്ടിട്ടുള്ളവരിൽ 44 ശതമാനം പേർ സ്ത്രീകളാണ്. അമേരിക്കയ്ക്ക് പുറത്തുള്ള 56 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത മേഖലകളിൽ നിന്നായി ക്ഷണിക്കപ്പെട്ടിട്ടുള്ളവർ തങ്ങളുടെ പ്രധാന പ്രവർത്തനമേഖല ഏതാണെന്ന് അംഗത്വം സ്വീകരിക്കുന്ന ഘട്ടത്തിൽ രേഖപ്പെടുത്തണമെന്ന് അക്കാദമി ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ അംഗങ്ങളെ ക്ഷണിക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അക്കാദമി സിഇഒ ബിൽ കാർമറും പ്രസിഡൻറ് ജാനറ്റ് യങ്ങും പറഞ്ഞു. “ഈ വർഷത്തെ പുതിയ അംഗങ്ങളെ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. ലോകത്തിൻെറ വിവിധ മേഖലകളിലായി ചലച്ചിത്ര രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭാശാലികളായവരെയാണ് ക്ഷണിച്ചിരിക്കുന്നത്. അവരുടെ സാന്നിധ്യം അക്കാദമിയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്,” അക്കാദമി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇരുവരും പറഞ്ഞു.
ബാഹുബലി, ആർആർആർ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് ശേഷം സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കിയാണ് രാജമൗലിയുടെ പുതിയ ചിത്രം പുറത്ത് വരാൻ പോവുന്നത്. കാടുമായി ബന്ധപ്പെട്ടുള്ള സാഹസിക ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവർത്തരിൽ നിന്ന് ലഭ്യമായിട്ടുള്ള സൂചന.
2023ൽ രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടുനാട്ടു’ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. കീരവാണിയാണ് ചിത്രത്തിൻെറ സംഗീത സംവിധാനം നിർവഹിച്ചിരുന്നത്. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരായിരുന്നു ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ.
ഗൂമർ എന്ന ചിത്രത്തിലാണ് ശബാന ആസ്മി അവസാനമായി അഭിനയിച്ചത്. 2023ൽ തിയേറ്ററുകളിൽ പുറത്തിറങ്ങിയ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലും അവർ അഭിനയിച്ചിരുന്നു. ആലിയ ഭട്ടും രൺവീർ സിങ്ങും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ജയ ബച്ചനും ധർമേന്ദ്രയും അഭിനയിച്ചിരുന്നു.