പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘കൽക്കി 2898 AD’ (Kalki 2898 AD) തിയേറ്ററുകളിലെത്തി. ചിത്രത്തിൻ്റെ യുഎസ് പ്രീമിയറുകൾക്ക് മികച്ച പോസിറ്റീവ് റിവ്യൂ വന്നുകഴിഞ്ഞു. പ്രഭാസിൻ്റെ ഇൻട്രോ രംഗത്തിൽ ആരാധകർ ആവേശഭരിതരായതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യ ദിവസത്തെ ആദ്യ ഷോ കാണാൻ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്.
പ്രഭാസും അമിതാഭ് ബച്ചനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സിനിമയിലെ അവരുടെ ഏറ്റുമുട്ടൽ ഓൺലൈനിൽ ചർച്ചാ വിഷയമായിക്കഴിഞ്ഞു. അതിനിടെ, ഹൈദരാബാദ് തിയേറ്ററിൽ നിന്ന് ‘ബാഹുബലി ജയ് ഹോ’ എന്ന് വിളിക്കുന്ന പ്രഭാസ് ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം, അഡ്വാൻസ് ബുക്കിംഗിലൂടെ 50 കോടിയിലധികം നേടിയതിനാൽ നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ ഇതിനകം തകർത്തിട്ടുണ്ട്. ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, ശോഭന, മൃണാൽ താക്കൂർ തുടങ്ങിയ താരങ്ങളുടെ അതിഥി വേഷങ്ങളും ചിത്രത്തിലുണ്ട്. കൽക്കി 2898 ADയിലെ ദുൽഖർ സൽമാൻ്റെ അതിഥി വേഷം പ്രേക്ഷകരിൽ നിന്ന് വളരെയധികം പ്രശംസ നേടിയിട്ടുണ്ട്. ചിത്രത്തിൽ പ്രഭാസിൻ്റെ സംരക്ഷകനായാണ് താരം അഭിനയിക്കുന്നത്.
ഇന്ത്യയിൽ 19 ലക്ഷം ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്. ഫിലിം ട്രേഡ് വിദഗ്ധരുടെ അഭിപ്രായത്തിൽ, കൽക്കി 2898 AD റിലീസിൻ്റെ ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ 200 കോടി രൂപ കടക്കും. തിന്മയുടെ ശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ഭൂമിയിൽ അവതരിച്ച മഹാവിഷ്ണുവിൻ്റെ ആധുനിക അവതാരത്തെ ചുറ്റിപ്പറ്റിയാണ് കൽക്കി 2898 AD എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
കൽക്കി 2898 AD മഹാഭാരതത്തിൽ നിന്നും കൽക്കി പുരാണത്തിൽ നിന്നും വളരെയധികം സ്വാധീനം ഉൾക്കൊണ്ടിരിക്കുന്നു. ഹിന്ദു പുരാണങ്ങളുടെയും സയൻസ് ഫിക്ഷൻ്റെയും കൂടിച്ചേരലായ ഈ ചിത്രം, ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ഭൂമിയിൽ എത്തിയ മഹാവിഷ്ണുവിൻ്റെ ആധുനിക അവതാരത്തെ ചുറ്റിപ്പറ്റിയുള്ള പ്രമേയാവതരണമാണ്.
ചിത്രത്തിൻ്റെ ട്രെയ്‌ലർ മഹാഭാരതത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള സൂചന നൽകുന്നു. കാശിയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. പ്രഭാസിൻ്റെ കഥാപാത്രമായ ഭൈരവ, ഒരു മികച്ച വേട്ടക്കാരന്റെ വേഷത്തിലെത്തുന്നു. അമിതാഭ് ബച്ചൻ്റെ അശ്വത്ഥാമാവ് സംരക്ഷകന്റെ വേഷത്തിലെത്തുന്നു. ആരാധകരെ ആവേശഭരിതരാക്കി കമൽഹാസൻ്റെ ഒരു രംഗത്തോടെയാണ് ട്രെയ്‌ലർ അവസാനിക്കുന്നത്.