മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തോടാണ് ദേവികയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു.
മുകേഷിന്‍റെ കുടുംബത്തോട് എനിക്ക് പ്രശ്‌നമില്ല. മുകേഷിനോടും പ്രശ്‌നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ല– ദേവിക പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്‍റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കണം എന്ന് പറഞ്ഞിരുന്നു. ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്.
രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയാറല്ല. –ദേവിക പറഞ്ഞു.
ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല.
അതുകൊണ്ടാണ് ഈ തീരുമാനം– അവര്‍ പറഞ്ഞു. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്നും മേതില്‍ ദേവിക. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വക്കീല്‍ നോട്ടീസയച്ചു.
എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും– അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നോട്ടിസ് അയച്ചതിനെക്കുറിച്ച് അറിയില്ലെന്നും തല്‍ക്കാലം പ്രതികരിക്കാനില്ലെന്നും എം. മുകേഷ് എംഎല്‍എ പറഞ്ഞു.