സ്വകാര്യ ജീവിതത്തിലെ ദുഃഖങ്ങള്‍ പങ്കുവച്ച് മലയാളികളുടെ പ്രിയ ഗായിക ഉഷ ഉതുപ്പ്. മകന്‍ സണ്ണി വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആണന്നും, വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നെന്നും ഉഷ പറഞ്ഞു.
ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് മകന്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘പണം തരും പടം’ പരിപാടിക്കിടെ അവര്‍ പറഞ്ഞു.
ജഗദീഷ് അവതാരകനായെത്തുന്നവേദിയില്‍ അതിഥിയായി എത്തയതായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ദീദി. കോവിഡ‍് വ്യാപിച്ചതോടെ ദീര്‍ഘകാലമായി വീട്ടില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വര്‍ഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും ഉഷ ഉതുപ്പ് പറഞ്ഞു. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് ദോഷകരമായി ബാധിച്ചെന്നും ദീദി കൂട്ടിച്ചേര്‍ത്തു.
കോവിഡ് വന്നതോടെ ജീവിതം കൊല്‍ക്കത്തയില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. തനിക്ക് കുടുംബാംഗങ്ങളെപ്പോലും കാണാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് ദീര്‍ഘകാലമായി കേരളത്തില്‍ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹം കൊല്‍ക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്.
മകള്‍ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റ അമ്മ കോട്ടയത്തെ കുടുംബവീട്ടിലാണ്, അമ്മയെ കാണണമെന്ന് തനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണന്നും അവര്‍ പറഞ്ഞു