Friday, March 29, 2024

HomeCinemaഅവാര്‍ഡ് 'സച്ചി സാറിന്': നഞ്ചിയമ്മ

അവാര്‍ഡ് ‘സച്ചി സാറിന്’: നഞ്ചിയമ്മ

spot_img
spot_img

‘പുരസ്കാരം സച്ചി സാറിന് സമര്‍പ്പിക്കുന്നു. ആടുമേച്ചും മാട് മേച്ചും നടന്നിരുന്ന തന്നെ ലോകത്തിന് കാണിച്ചു കൊടുത്തത് അദ്ദേഹമാണ്’. രാജ്യത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അമിതാവേശമൊന്നുമില്ലാതെ പതിവ് പോലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിഷ്കളങ്കമായി നഞ്ചിയമ്മ മറുപടി പറഞ്ഞു.

സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയുമിലെ ‘കെലക്കാത്തെ’ എന്ന ടൈറ്റില്‍ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് ലഭിച്ചത്. “കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാന്‍ പോകിലാമ്മ…” എന്ന പാട്ടിലൂടെ മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരമാണ് നഞ്ചിയമ്മയെ നേടിയെത്തിയത്.അയ്യപ്പനും കോശിയും തിയേറ്ററില്‍ എത്തുന്നതിന് മുമ്ബ് തന്നെ ഗാനവും നഞ്ചിയമ്മയും യൂട്യൂബില്‍ തരംഗമായിരുന്നു.

യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് ഒരു കോടിയിലധികം പേരാണ് കണ്ടത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയതും. 2020 ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പ്രത്യേക ജൂറി അവാര്‍ഡും ഈ ഗാനത്തിലൂടെ നഞ്ചിയമ്മയ്ക്ക് ലഭിച്ചിരുന്നു.

അട്ടപ്പാടി സ്വദേശിയാണ് ആദിവാസി കലാകാരിയായ നഞ്ചിയമ്മ. ആദിവാസി വിഭാഗമായ ഇരുള സമുദായത്തില്‍ നിന്നുമുള്ള നഞ്ചിയമ്മ ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനേതാവുമായ അട്ടപ്പാടി സ്വദേശി പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നഞ്ചിയമ്മയുടെ ആദ്യ സിനിമയാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും.

കാര്‍ഷിക വൃത്തി ചെയ്തും ആടുമാടുകളെ മേയ്ച്ചുമാണ് നഞ്ചിയമ്മ ഉപജീവനം നടത്തുന്നത്. ജോലികള്‍ക്കിടയില്‍ സദാസമയവും പാട്ടുമുണ്ടാകും. പ്രകൃതിയാണ് എല്ലാ അര്‍ത്ഥത്തിലും നഞ്ചിയമ്മയുടെ ഗുരു. ഗോത്രസമൂഹത്തിന്റെ ശുദ്ധതാളമാണ് ഈ കലാകാരിയുടെ സംഗീത പാരമ്ബര്യം.

നഞ്ചിയമ്മ തന്നെ എഴുതിയ ഗാനങ്ങളാണ് ജെയ്ക്സ് ബിജോയിയുടെ ഈണത്തില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ‘കളക്കാത്ത സന്ദനമേറം’ എന്ന ഗാനം, ചിത്രം റിലീസ് ആകുന്നതിന് മുന്‍പേ സാമൂഹിക മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതാണ്.

ചിത്രത്തിലെ വൈകാരികമായ ഒരു രംഗത്തില്‍ പശ്ചാത്തല സംഗീതം ഇല്ലാതെ ഉള്‍പ്പെടുത്തിയ ‘ദൈവമകളേ’ എന്ന നഞ്ചിയമ്മയുടെ ഗാനം വല്ലാത്ത ഒരു ആസ്വാദന തലത്തിലേക്കാണ് തിയേറ്ററില്‍ പ്രേക്ഷകനെ കൊണ്ടു പോകുന്നത്. സച്ചി എന്ന സംവിധായകന്റെ മികവ് കൂടിയാണ് ആ രംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദൈവമകളേ എന്ന ഗാനം എപ്പോള്‍ പാടിയാലും പാടി തീരുമ്ബോള്‍ താന്‍ കരയാറുണ്ട് എന്ന് നഞ്ചിയമ്മ പറയുന്നു.

നഞ്ചിയമ്മയുടെ ശുദ്ധ സംഗീതം ഹൃദയം കൊണ്ട് ആസ്വദിക്കുന്നവരുടെ കണ്ണുകളും ഈറനണിയിക്കുന്നതാണ് ആ ആലാപനത്തിന്റെ നൈര്‍മ്മല്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments