തെന്നിന്ത്യന്‍ നടന്‍ രജനികാന്ത് തമിഴ്നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി. ഇന്നലെ ചെന്നൈയില്‍ നടന്ന ഇന്‍കം ടാക്‌സ് ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. നടന് പകരം മകള്‍ ഐശ്വര്യ രജനികാന്താണ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്.
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രജനിയുടെ മകളും സംവിധായകുമായ ഐശ്വര്യ ആദരവിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
‘ഉയര്‍ന്ന നികുതിദായകന്റെ മകള്‍ എന്നതില്‍ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’, ഐശ്വര്യ ട്വീറ്റ് ചെയ്തു.
തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനാണ് രജിനികാന്ത്. ഒടുവില്‍ പുറത്തിറങ്ങിയ അണ്ണാത്തെ എന്ന സിനിമയ്ക്കായി താരം 100 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് അനൗദ്യോഗിക വിവരം.