മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതിന് മുംബൈ പോലീസ് കൈക്കൂലി ആവശ്യപ്പെട്ടതായി നടി ഗെഹന വസിഷ്ഠയുടെ വെളിപ്പെടുത്തല്‍. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് ഗെഹന പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗെഹനയുടെ വെളിപ്പെടുത്തല്‍.
“പണം നല്‍കിയാല്‍ എന്നെ അറസ്റ്റു ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തെറ്റൊന്നും ചെയ്യാത്തതു കൊണ്ട് ഞാന്‍ പണം നല്‍കിയില്ല. രാജ് കുന്ദ്ര നിര്‍മിച്ച ഹ്രസ്വ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും നീലച്ചിത്രങ്ങള്‍ അല്ല.’ ഗെഹന പറഞ്ഞു. പൊലീസിനെ അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
നീലച്ചിത്ര നിര്‍മാണത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് എക്താ കപൂറിനുമെതിരെ മൊഴി നല്‍കാനും സമ്മര്‍ദ്ദമുണ്ടായെന്ന് ഗെഹന പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് അവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ താന്‍ വിസ്സമ്മതിക്കുകയായിരുന്നെന്നും ഗെഹന പറഞ്ഞു.
നീലച്ചിത്ര നിര്‍മാണവും അഭിനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് ഗെഹനയെ അറസ്റ്റു ചെയ്തത്. നാലു മാസത്തോളം ജയിലില്‍ കഴിഞ്ഞ ഗെഹനയ്‌ക്കെതിരെ പൊലീസ് രണ്ട് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. മുംബൈയിലെ ഒരു മോഡല്‍ നല്‍കിയ പരാതിയില്‍ മൂന്നാമത്തെ എഫ്‌ഐആര്‍ ഈ ആഴ്ച ക്രൈംബ്രാഞ്ച് ഫയല്‍ ചെയ്യാനിരിക്കുകയാണ്.
നീലച്ചിത്ര നിര്‍മാണവും പ്രചരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആര്‍തര്‍ റോഡ് ജയിലിലാണിപ്പോള്‍. ഈ കേസില്‍ മൊഴി നല്‍കാനെത്തണമെന്നാവശ്യപ്പെട്ട് ഗെഹനയ്ക്ക് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിട്ടില്ല.
പുതിയ കേസില്‍ കുടിക്കി പൊലീസ് അറസ്റ്റു ചെയ്യുമോ എന്ന് ഭയപ്പെട്ടാണ് എത്താതിരുന്നതെന്ന് ഗെഹന പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.