ആമിര്‍ ഖാനെ നായകനാക്കി അദ്വൈത് ചന്ദന്‍ ഒരുക്കിയ – ‘ലാല്‍ സിംഗ് ഛദ്ദ’, ടോം ഹാങ്ക്‌സ് നായകനായി 1994-ല്‍ പുറത്തിറങ്ങിയ ‘ഫോറസ്റ്റ് ഗമ്ബി’ന്റെ ഔദ്യോഗിക റീമേക്കാണ് .
ഒട്ടേറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ചിത്രം റിലീസായത്. കരീന കപൂര്‍ ആണ് ‘ലാല്‍ സിംഗ് ഛദ്ദ’യില്‍ നായിക.
ആദ്യദിനം മുതല്‍ തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 10 കോടിയോളമാണ് ലാല്‍ സിംഗ് ഛദ്ദയുടെ ആദ്യദിനത്തിലെ വരുമാനം. എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞിരുന്നു. ചിത്രത്തിന്റെ നിരവധി ഷോകളും റദ്ദാക്കിയിരുന്നു.
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം 18 സ്റ്റുഡിയോസ്, പാരമൌണ്ട് പിക്ചേര്‍സ് എന്നിവര്‍ ചേര്‍ന്നാണ് ‘ലാല്‍ സിംഗ് ഛദ്ദ’ നിര്‍മിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രം തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ചിത്രം ആറ് മാസത്തേക്ക് ഒ.ടി.ടിയില്‍ വരില്ലെന്നും താരം ചൂണ്ടിക്കാട്ടി.
‘ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമയ്ക്ക് ഒരു വെല്ലുവിളിയല്ല. എന്നാല്‍, ബോളിവുഡിന് അത് ഒരു വെല്ലുവിളിയാണ്. തിയേറ്ററുകളില്‍ പോകാനുള്ള ജിജ്ഞാസ കുറഞ്ഞുവെന്ന് ഞാന്‍ കരുതുന്നു. സിനിമകള്‍ തിയേറ്ററുകളില്‍ വന്നതിന് ശേഷം പെട്ടെന്ന് ഒ.ടി.ടിയില്‍ വരുന്നു. അതുകൊണ്ട് എന്റെ സിനിമകള്‍ക്ക് ആറ് മാസത്തെ ഇടവേള നിലനിര്‍ത്താന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമ വീട്ടില്‍ തന്നെ കാണാന്‍ കഴിയുമെങ്കില്‍ ആളുകള്‍ എങ്ങനെ തിയറ്ററുകളില്‍ എത്തും.ഒന്നുകില്‍ നിങ്ങള്‍ തിയേറ്ററുകളില്‍ വന്ന് സിനിമ കാണുക. അല്ലെങ്കില്‍ ഒ.ടി.ടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക’ – ആമിര്‍ പറഞ്ഞു.