നടന്‍ ജോജു ജോര്‍ജ്ജിന്റെ പാസ്‌പോര്‍ട്ടും പണവും മോഷ്ടിക്കപ്പെട്ടു. ലണ്ടനില്‍ വെച്ചാണ് സംഭവം. ജോജുവിനെ കൂടാതെ ‘ആന്റണി’ സിനിമയുടെ നിര്‍മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ് എന്നിവരുടെ പാസ്‌പോര്‍ട്ടുകളും നഷ്ടപ്പെട്ടു.ജോജുവിന്റെ 2000 പൗണ്ട്, ഐന്‍സ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് എന്നിങ്ങനെയാണ് പണം നഷ്ടമായത്.
ലണ്ടന്‍ ഓക്‌സ്‌ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ് നടത്താനായി കയറിയപ്പോഴാണ് മോഷണം. ഇവര്‍ സഞ്ചരിച്ചിരുന്ന ഡിഫന്റര്‍ വാഹനത്തില്‍ നിന്നാണ് പാസ്‌പോര്‍ട്ടും പണവും മോഷ്ടിച്ചത്. ഷോപ്പിങ് നടത്തുന്നതിനായി കാര്‍ സമീപത്തുള്ള പേ ആന്‍ഡ് പാര്‍ക്കില്‍ പാര്‍ക്ക് ചെയ്തിരുന്നു.
കുറച്ചു ഷോപ്പിങ് നടത്തിയ ശേഷം താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്, ചെമ്ബന്‍ വിനോദ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ കാറില്‍ സാധനങ്ങള്‍ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ് നടത്തി കാറിനരികില്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. പണം, ഷോപ്പിങ് നടത്തിയ സാധനങ്ങള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ നഷ്ടമായി.