തിതിരുവനന്തപുരം : ആധുനിക വിശ്വസാഹിത്യത്തിലെ മാജിക്കൽ റിയലിസത്തിന്റെ ശൈലീകാരനും നോബൽ പുരസ്‌കാര ജേതാവുമായ ലാറ്റിനമേരിക്കൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ പ്രസിദ്ധ കൃതികൾ ആസ്പദമാക്കി നിർമ്മിച്ച സിനിമകളുടെ മേള തിരുവനന്തപുരത്ത്. ലൗ ഇൻ ദി ടൈം ഓഫ് കോളറ, എ വെരി ഓൾഡ് മാൻ വിത്ത് എനോർമസ് വിങ്‌സ്, നോ വൺ റൈറ്റ്സ് ടു കേണൽ, ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ഈ മേള ഫിൽക്ക ഫിലിം സൊസൈറ്റിയുടെ സെപ്റ്റംബർ പ്രോഗ്രാമാണ്. കേരള ചലച്ചിത്ര അക്കാദമി, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, ബീം ഫിലിം സൊസൈറ്റി, സ്പാർക്ക് ഫിലിം സൊസൈറ്റി, സി ഇ ടി ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ സെപ്റ്റംബർ 30 ന് രാവിലെ 9:30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ. വി. അബ്ദുൽ മാലിക്ക് വിശിഷ്ടാതിഥിയായിരിക്കും. നേർകാഴ്ച്ച വാരിക ചീഫ് കറസ്‌പോണ്ടന്റും നോവലിസ്റ്റുമായ സാബു ശങ്കർ, സ്റ്റേറ്റ് ലൈബ്രേറിയൻ പി. കെ. ശോഭന, ഡോ. ബി. രാധാകൃഷ്ണൻ, നടി അർപ്പണ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.