ടൊറോന്റോ: 11 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൊറോന്റോ രാജ്യാന്തര ചലച്ചിതോത്സവം – 2024 സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുകയായി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പ്രേക്ഷകരും എത്തിത്തുടങ്ങി. 25 പ്രദര്‍ശനശാലകളാണ് ഇതിനായി തയ്യാറെടുത്തു നില്‍ക്കുന്നത്. 84 രാജ്യങ്ങളുടെ പ്രാതിനിധ്യങ്ങളോടെ 236 മികച്ച മുഴുനീളചലച്ചിത്രങ്ങള്‍ക്കൊപ്പം രണ്ടു ഡസന്‍ ഹ്രസ്വചിത്രങ്ങളും പ്രദര്‍ശനപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മിക്ക ചിത്രങ്ങളും അടുത്തവര്‍ഷത്തെ ഓസ്‌ക്കര്‍ നോമിനേഷനുകളില്‍ എത്താറുണ്ടെന്നുള്ളത് ടൊറോന്റോ മേളയുടെ ഖ്യാതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രശസ്ത സംവിധായകരും അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന അഭിമുഖങ്ങളും, നിര്‍മ്മാണ വിതരണ ശൃംഖല ശക്തിപ്പെടുത്താനുപകരിക്കുന്ന ചലച്ചിത്രവിപണിയും ഈ മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു.
ഇന്ത്യന്‍ പ്രാതിനിധ്യമുള്ള ഏഴ് ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അതിലെ പ്രധാന നാലുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് വനിതകളാണെന്നുള്ളത് ശ്രദ്ധേയമാണ്. കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (സംവിധായിക : പായല്‍ കപാഡിയ), ‘സൂപ്പര്‍ ബോയ്സ് ഒഫ് മലേഗാവ്’ (സംവിധായിക: റീമ കാഗ്തി), ‘ബൂങ്’ (സംവിധായിക : ലക്ഷ്മിപ്രിയ ദേവി), ‘സന്തോഷ്’ (സംവിധായിക : സന്ധ്യ സൂരി), ഷുക്ക് (സംവിധായകന്‍ : അമര്‍ വാല) എന്നീ ചിത്രങ്ങളോടൊപ്പം ശ്രീനിവാസ് കൃഷ്ണന്റെ 1991 ലെ ചിത്രമായ ‘മസാല’ (കനേഡിയന്‍ ക്ലാസ്സിക്ക്) യും, രാജ് കപൂറിന്റെ 1951 ലെ ‘ആവാരാ’ യും ആണ് അവ.