നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’(ARM). ചിത്രം റിലീസായി 18ാം ദിനമാണ് ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 30 കോടി ബജറ്റിലെത്തിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ചിത്രമായി മാറിയിരിക്കുകയാണ് എആര്‍എം.
നവാഗത സംവിധായകൻ ജിതിൻ ലാലിൻറെ ചിത്രത്തിൽ മൂന്നു തലമുറകളിലെ കഥാപാത്രങ്ങളായ കുഞ്ഞിക്കേളു, മാണിക്യൻ, അജയൻ എന്നീ വേഷങ്ങൾ ടൊവിനോ തോമസ് കൈകാര്യം ചെയ്യുന്നു. 30 കോടി ബജറ്റില്‍ ബിഗ് കാന്‍വാസിലെത്തിയ ചിത്രം ടൊവിനോയുടെ കരിയറിലെ ഏറ്റവും പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്‍റെ കരിയറിലെ 50-ാം ചിത്രവുമാണ്.
ഇത്തവണത്തെ ഓണം റിലീസായി സെപ്റ്റംബര്‍ 12 നാണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിവസം തന്നെ ഏഴ് കോടിക്ക് അടുത്ത കളക്‌ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. സിനിമയിൽ ‘കോസ്മിക് വോയിസ്’ ആയി നടന്മാരായ മോഹൻലാൽ, വിക്രം, ഡോ. ശിവരാജ് കുമാർ എന്നിവരുടെ സാന്നിധ്യവുമുണ്ട്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും 3Dയിലും റിലീസ് ചെയ്തുകൊണ്ട് ഈ ചിത്രം പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.
ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ദിബു നൈനാൻ തോമസാണ് ഒറിജിനൽ ഗാനങ്ങളും സ്‌കോറും ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസും യുജിഎം പ്രൊഡക്ഷൻസും ചേർന്നാണ് ‘അജയൻ്റെ രണ്ടാം മോഷണം’ നിർമ്മിച്ചിരിക്കുന്നത്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ജഗദീഷ്, ബേസിൽ ജോസഫ്, അജു വർഗീസ്, രോഹിണി, ഹരീഷ് ഉത്തമൻ, നിഷ്താർ സെയ്ത്, കന്നഡ താരം പ്രമോദ് ഷെട്ടി എന്നിവരും വേഷമിടുന്നു