ബംഗളുരു: കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം. ആരോഗ്യവാനായ താരം രാവിലെ വര്‍ക്കൗട്ടിന് ജിമ്മിലെത്തിയത് ആയിരുന്നു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. കന്നഡത്തിലെ പ്രമുഖ നടനും ഗായകനുമായിരുന്ന ഡോ. രാജ്കുമാറിന്റെ മകനാണ് പുനീത്. നടന്മാരായ ശിവയുടെയും രാഘവേന്ദ്രയുടെയും സഹോദരന്‍ കൂടിയാണ് പുനീത്.

കന്നഡയിലെ രാജ്കുമാര്‍ കുടുംബത്തിലെ സൂപ്പര്‍ താരമായി പുനീത് വളരെ പെട്ടെന്നാണ് വളര്‍ന്ന് വന്നത്. താരത്തിന്റെ വേര്‍പാടിന് പിന്നാലെ നിരവധി കഥകളാണ് പുറത്ത് വരുന്നത്. നായകനായി വെള്ളിത്തിരയിലേക്ക് ചുവട് വെക്കുന്നതിന് മുന്‍പ് നടന്മാരായ സഹോദരന്മാരുടെ കൂടെ സിനിമയുടെ ലൊക്കേഷനിലേക്ക് പുനീതും പോവുമായിരുന്നു. അഭിനയിക്കാന്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന താരം അങ്ങനെയാണ് കരിയര്‍ തുടങ്ങുന്നത്.

1975 മാര്‍ച്ച് 17നാണ് പുനീത് രാജ്കുമാറിന്റെ ജനനം. അഭിനേതാവ് എന്നതിലുപരി ടെലിവിഷന്‍ അവതാരകനും ഗായകനുമെല്ലാമായിരുന്നു പുനീത്. 27 അധികം ചിത്രങ്ങളില്‍ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. കുട്ടിയായിരുന്നപ്പോള്‍ പിതാവ് രാജ്കുമാര്‍ അവതരിപ്പിച്ച ചിത്രങ്ങളിലും പുനീത് അഭിനയിച്ചിരുന്നു. 1980ല്‍ പുറത്തിറങ്ങിയ വസന്ത ഗീത, 1981ല്‍ റിലീസ് ചെയ്ത ഭാഗ്യവന്ത, ചാലിസുവ മോദഗലു, ഇരടു നക്ഷത്രഗളു, ബെട്ടാഡ ഹൂവു എന്നീ ചിത്രങ്ങളിലായിരുന്നു അദ്ദേഹം ബാലതാരമായി അഭിനയിച്ചത്.
എല്ലാ സിനിമകളിലേയും അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടികൊടുത്തു. എന്‍.ലക്ഷ്മി നാരായണ്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. പുനീതിനെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തെ അപ്പു എന്നാണ് വിളിക്കാറുള്ളത്.

ആദ്യമായി പുനീത് നായകനായി എത്തിയത് അപ്പു എന്ന പേരില്‍ 2002ല്‍ റിലീസിനെത്തിയ ചിത്രത്തിലൂടെയാണ്. പിന്നീട് അഭി, വീര കന്നടിക തുടങ്ങിയ സിനിമകളിലും നായകനായി. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥന പുരസ്‌കാരം ഉള്‍പ്പടെ നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരവും അഭിനയത്തിലൂടെ പുനീത് നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും സജീവമാണ് പുനീത്. കന്നട സിനിമയിലെ പവര്‍സ്റ്റാര്‍ എന്നാണ് പുനീത് അറിയപ്പെടുന്നത്. പരമാത്മ, നിന്നിധലേ, മൈത്രി, രാജകുമാര, യുവരത്‌ന എന്നിവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍.
മൈത്രി എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പമായിരുന്നു പുനീത് അഭിനയിച്ചിരുന്നത്. കന്നട നടനാണെങ്കിലും തെന്നിന്ത്യയിലും മലയാളത്തിലും ആരാധകരുള്ള നടനാണ് പുനീത്. കവളുധാരി, മായാബസാര്‍, ലോ, ഫ്രഞ്ച് ബിരിയാണി എന്നിവയാണ് പുനീത് നിര്‍മിച്ച സിനിമകള്‍. കോടിപതി പരിപാരി കന്നടയില്‍ അവതരിപ്പിച്ചിരുന്നതും പുനീതായിരുന്നു. രണ്ട് ദിവസം മുമ്പ് ശിവരാജ്കുമാറിന്റെ ഭജരംഗി 2ന്റെ ഗ്രാന്‍ഡ് പ്രൊമോഷണല്‍ പരിപാടിയില്‍ പുനീത് രാജ്കുമാര്‍ പങ്കെടുത്തിരുന്നു.

ഭജരംഗി 2ന്റെ ടൈറ്റില്‍ ട്രാക്കിന് നടന്‍ യഷും ശിവരാജ്കുമാറും പുനീത് രാജ്കുമാറും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു. ഭാവനയാണ് ചിത്രത്തില്‍ നായിക. ഒക്ടോബര്‍ 29നാണ് ഭജരംഗി 2 റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
പല അഭിമുഖങ്ങളിലും പുനീതിനോട് ചോദിച്ചിരുന്ന കാര്യം ഇതായിരുന്നു. പിതാവും സഹോദരങ്ങളും അഭിനയിക്കുന്നത് നിരീക്ഷിച്ചിരുന്നോ, അവരില്‍ നിന്നും എന്തെങ്കിലും കുറുക്ക് വഴികള്‍ ലഭിച്ചിട്ടാണോ അഭിനയത്തില്‍ സജീവമായത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം മറുപടി പറയാറുള്ളത്. ‘സ്വന്തം സ്വഭാവത്തില്‍ ജീവിക്കാന്‍ ശ്രമിക്കരുത്. പകരം അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്’ എന്ന അമേരിക്കന്‍ സംവിധായകനും നടനുമായ റോബര്‍ട്ട് ഡി നിരോയുടെ സിദ്ധാന്തമാണ് പുനീത് പാലിച്ച് പോന്നിരുന്നത്.

തങ്ങളുടെത് ഒരു അടിപൊളി ഫാമിലിയാണ്. വളരെ കാഷ്യുലായിട്ടാണ് ജീവിച്ച് പോരുന്നത്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ സിനിമയുടെ സെറ്റില്‍ പോയി കളിക്കുമായിരുന്നതായിട്ടും മുന്‍പൊരു അഭിമുഖത്തില്‍ പുനീത് പറഞ്ഞിരുന്നു. ജയിംസ്, ദിത്വ, എന്നിങ്ങനെ രണ്ട് സിനിമകളാണ് ചിത്രീകരണം നടന്ന് കൊണ്ടിരുന്ന പുനീതിന്റെ സിനിമകള്‍. ഇത് കൂടാതെ താരം നിര്‍മ്മിക്കുന്നതും അല്ലാത്തതുമായ വേറെയും ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ വിയോഗത്തില്‍ ഭാര്യ അശ്വിനിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ കുറിച്ചാണ് ആരാധകര്‍ ഓര്‍മ്മിക്കുന്നത്.

വിദ്യാഭ്യാസത്തിന് ശേഷം ഇരുവരുടെയും പൊതുസുഹൃത്തുക്കള്‍ വഴിയാണ് അശ്വിനിയും പുനീതും തമ്മില്‍ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയിലൊന്നും ഇരുവരും തമ്മില്‍ പ്രണയം ഇല്ലായിരുന്നു. കുറച്ച് കാലം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും അടുപ്പത്തിലാവുന്നതായി അറിയുന്നത്. വൈകാതെ ഡേറ്റിങ് ആരംഭിക്കുകയും വിവാഹിതരാവാമെന്ന് തീരുമാനിക്കുകയും ചെയ്തു. അശ്വിനിയുമായി വിവാഹം കഴിക്കണമെന്ന കാര്യം വീട്ടുകാരെ അറിയിച്ച നിമിഷം ഒരിക്കലും മറക്കാന്‍ പറ്റില്ല. കാരണം അത്തരം കാര്യങ്ങളില്‍ സ്വതന്ത്ര്യമായി ഇതുവരെ സംസാരിച്ചിട്ടില്ല എന്നുമായിരുന്നു പുനീത് പറഞ്ഞിരുന്നത്.

ഞാന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്ത് തരണമെന്ന് പറഞ്ഞ് അച്ഛന്റെ മുന്നില്‍ പോയി നിന്നത് ആദ്യമായിട്ടാണ്. ഇക്കാര്യം അമ്മയോട് പോയി പറയാനാണ് അച്ഛന്‍ പറഞ്ഞത്. വൈകാതെ കാര്യങ്ങളെല്ലാം ശരിയായി വരികയായിരുന്നു. തങ്ങളുടേത് മുപ്പത് പേരടങ്ങിയ കൂട്ടുകുടുംബമാണ്. അത് അശ്വിനിയ്ക്ക് ആദ്യം ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് പൊരുത്തപ്പെട്ടു. രാജ്കുമാറിന്റെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയപുത്രനായിരുന്നു പുനീത്. സിനിമയിലേക്ക് വന്നതിന് ശേഷം സൂപ്പര്‍സ്റ്റാറായി വളര്‍ന്ന പുനീതിന് സിനിമാലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയാണിപ്പോള്‍.