Friday, February 3, 2023

HomeCinemaനല്ല മനുഷ്യന്‍; മോന്‍സണെ പരിചയപ്പെട്ടത് പ്രവാസി സംഘടനയുടെ നൃത്തപരിപാടിക്കിടെ: നടി ശ്രുതി ലക്ഷ്മി

നല്ല മനുഷ്യന്‍; മോന്‍സണെ പരിചയപ്പെട്ടത് പ്രവാസി സംഘടനയുടെ നൃത്തപരിപാടിക്കിടെ: നടി ശ്രുതി ലക്ഷ്മി

spot_img
spot_img

പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലും താനുമായി അടുപ്പമുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു നടി ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതുമാണ് മോന്‍സനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

“മോന്‍സനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. ഒരു ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തില്‍നിന്നു സേവനം ലഭിച്ചിട്ടുണ്ട്. വളരെ നന്നായി ഇടപെടുന്ന വ്യക്തിയായതുകൊണ്ടാണ് അദ്ദേഹം വിളിച്ച പരിപാടികളില്‍ പങ്കെടുത്തത്, എന്നാല്‍ തട്ടിപ്പുകാരനാണെ വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയി’ ശ്രുതി ലക്ഷ്മി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിനെ ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ആ പരിപാടിയില്‍ എന്റെ അമ്മയും സഹോദരിയുമായിരുന്നു പോയത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാന്‍സ് പ്രോഗ്രാം എന്റെ ടീമിനെ ആണ് ഏല്‍പിച്ചിരുന്നത്. അങ്ങനെ കുറച്ച് നൃത്ത പരിപാടികള്‍ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. ചേര്‍ത്തലയില്‍ നടന്ന ഒരു മെഗാ ഇവന്റില്‍ എം.ജി. ശ്രീകുമാറിന്റെയും റിമി ടോമിയുടെയും ഗാനമേളയും എന്റെ ടീമിന്റെ ഡാന്‍സ് പരിപാടിയും ഒക്കെ ഉണ്ടായിരുന്നു.

അന്ന് അവിടെ ഒരുപാട് താരങ്ങള്‍ വന്നിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിനും വിളിച്ചു. അത് കോവിഡ് സമയത്ത് ആയതിനാല്‍ അധികം ആര്‍ട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോള്‍ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നമ്മളെ ഒരു സിനിമയ്‌ക്കോ പരിപാടിക്കോ വിളിക്കുമ്പോള്‍ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. എല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്‌മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നു.

അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോള്‍ പരിപാടികള്‍ക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു.

വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു. നമുക്ക് കോടികളുടെ ബിസിനസ്സോ ബന്ധങ്ങളോ ഇല്ല, ഒരു കലാകാരി എന്ന നിലയില്‍ ഒരു ചെറിയ ജീവിതമാണ് ഉള്ളത്.

അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്.

ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത എന്നെ ഞെട്ടിച്ചിരിക്കുകയാണെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments