Thursday, June 12, 2025

HomeCinemaലോകേഷ് പറഞ്ഞു വിജയ് ചെയ്തു;'ലിയോ'.

ലോകേഷ് പറഞ്ഞു വിജയ് ചെയ്തു;’ലിയോ’.

spot_img
spot_img

‘ക്ലീൻ മൈൻഡുമായി തീയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകന് നിരാശപ്പെടേണ്ടി വരില്ല ഇതെന്റെ വാക്കാണ്’ റിലീസിന് മുൻപ് സംവിധായകൻ ലോകേഷ് പറഞ്ഞത് വെറുതെയായില്ല.. കണ്ട് ആസ്വദിക്കാൻ നിരവധി കാര്യങ്ങൾ ഒരുക്കി വെച്ചുകൊണ്ടാണ് വിജയിയുടെ ലിയോ പ്രേക്ഷകനു മുന്നിലെത്തുന്നത്. ട്രെയിലറിൽ കണ്ട കാഴ്ചകളുടെ രണ്ട് മണിക്കൂർ 43 മിനിറ്റ് ദൈർഘ്യമുള്ള ആവിഷ്കാരമാണ് സിനിമയെന്ന് ചുരുക്കി പറയാം. ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആശയം ഉൾക്കൊണ്ടുള്ള അവതരണമാണ് ലിയോയെന്ന് പറഞ്ഞുകൊണ്ടാണ് ലോകേഷ് സിനിമ തുടങ്ങിവെക്കുന്നത്

വിജയ് പാർഥിപൻ, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ ചിത്രമായാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ തുടങ്ങി ഹൈദരാബാദില്‍ അവസാനിക്കുന്ന കഥ. ലോകേഷിന്‍റെ മുന്‍ സിനിമകളായ കൈതിയോടും വിക്രത്തോടും ചേര്‍ത്തുവെക്കാവുന്ന കഥാപരിസരത്തില്‍ നിന്ന് വികസിക്കുന്ന സിനിമ സാവധാനം പാര്‍ഥിപനിലേക്കും ലിയോയിലേക്കും കേന്ദ്രീകരിക്കുന്നു. സസ്പെന്‍സുകളുടെ കുന്ന് പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകന് വേണ്ടതൊക്കെയും വേണ്ട സമയത്ത് തന്നെ ലോകേഷ് തരുന്നുണ്ട്. തൃഷയും മാത്യുവും ഇയലും അടങ്ങുന്ന വിജയുടെ കുടുംബവും അവര്‍ക്ക് ചുറ്റും സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ബാക്കി കഥ. ആന്‍റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നീ പ്രതിനായകരും പാര്‍ഥിപനും തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങളാണ് പ്രേക്ഷകനെ ലിയോയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നത്.മുന്‍ സിനിമകളിലേത് പോലെ മാസ് ഇന്‍ട്രോയും മാനം മുട്ടെ പറന്നടിക്കുന്ന ആക്ഷന്‍ രംഗങ്ങളും നെടുനീളന്‍ ഡയലോഗുകളുമില്ലാതെ വിജയെ അവതരിപ്പിക്കുക എന്ന ഏറ്റവും വലിയ വെല്ലുവിളി ലോകേഷ് തന്നാലാകും വിധം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ നടീനടന്മാരെ തന്നെ ലോകേഷ് ലിയോയില്‍ അണിനിരത്തിയിട്ടുണ്ട്. പുറത്തുവന്ന കാസ്റ്റിങ്ങിന് പുറമെ ചില സര്‍പ്രൈസ് താരങ്ങളും ഇടക്കിടെ വന്നുപോകുന്നത് പ്രേക്ഷകര്‍ കുറച്ച് കാലമായി ചോദിക്കുന്ന LCU എലമെന്‍റിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയും ഒന്നിച്ചെത്തുന്ന രംഗങ്ങള്‍ മികച്ചു നില്‍ക്കുന്നു. മലയാളി താരം മാത്യു തോമസും തമിഴിലെ തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കി. ഗൗതം മേനോന്‍, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്കിന്‍ എന്നിവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു.

നായകന്‍ കേമനാകുമ്പോള്‍ വില്ലന്‍ അതിലും കേമനാകുന്ന പതിവ് ലോകേഷ് ശൈലി ഇവിടെയും തെറ്റിച്ചില്ല. ആന്‍റണി ദാസായി സഞ്ജയ് ദത്തും ഹരോള്‍ഡ് ദാസായി അര്‍ജുനും പെര്‍ഫെക്ട് കാസ്റ്റിങ് തന്നെ. എന്നിരുന്നാലും സഞ്ജയ് ദത്തിനെക്കാള്‍ പ്രേക്ഷകന് വില്ലനിസം ഒരുപടി മുകളില്‍ അര്‍ജുനില്‍ തോന്നിയാലും തെറ്റ് പറയാനാകില്ല. അത്രത്തോളം ഇംപാക്ടുണ്ട് ഹരോള്‍ഡ് ദാസിന് ലിയോയില്‍. വില്ലന്‍ ഗ്യാങ്ങിലെത്തിയ ബാബു ആന്‍റണിക്കും മന്‍സൂര്‍ അലിഖാനും സാധാരണയില്‍ കവിഞ്ഞ പ്രകടനം കാഴ്ചവെക്കാന്‍ സിനിമയില്‍ ഇടം ഉണ്ടായില്ല.

എല്ലാത്തിനെക്കാളുമുപരി വിജയ് എന്ന നടനെ ഇതുവരെ കാണാത്ത വിധം ലിയോയില്‍ ലോകേഷ് അവതരിപ്പിച്ചിട്ടുണ്ട്. പതിവ് ഡയലോഗ് ഡെലിവറിയോ ശരീരഭാഷയോ ഇല്ലാതെ വിജയ് എന്ന സൂപ്പര്‍ താരത്തില്‍ നിന്ന് വിജയ് എന്ന അഭിനേതാവാണ് ലിയോയില്‍ ഒരുപടി മുകളില്‍. ആക്ഷന്‍ രംഗങ്ങളില്‍ വിജയ് പുലര്‍ത്തുന്ന അനായാസത മുഴുവന്‍ അന്‍പറിവ് മാസ്റ്റര്‍മാര്‍ ഫൈറ്റ് സീനുകളില്‍ നിറച്ചുവെച്ചിരിക്കുന്നു. ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതിലും വിജയ് വിജയിച്ചിട്ടുണ്ട്. തിയേറ്ററില്‍ പ്രേക്ഷകനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്ന അനിരുദ്ധിന്‍റെ ഹൈവോള്‍ട്ടേജ് പാട്ടുകളും പശ്ചാത്തല സംഗീതവും ലിയോയുടെ മാറ്റ് കൂട്ടുന്നു. സിനിമയുടെ ആദ്യ പത്ത് മിനിറ്റ് മിസ് ചെയ്യരുതെന്ന് ലോകേഷ് അഭിമുഖത്തില്‍ പറഞ്ഞുവെക്കുന്നതിനോട് നൂറ് ശതമാനം നീതീകരിക്കാവുന്ന രംഗങ്ങളാണ് ഈ സമയം പ്രേക്ഷകനിലേക്ക് എത്തുന്നത്. കഴുതപ്പുലിയുമായുള്ള സംഘട്ടന ദൃശ്യങ്ങളിലെ ഗ്രാഫികസ് മികച്ചുനില്‍ക്കുന്നതാണ്.

പക്ഷെ, ലോകേഷിന്‍റെ മുന്‍ സിനിമകളായ കൈതി, വിക്രം എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ലിയോ ഒരു ശരാശരി അനുഭവം മാത്രമാണ് പ്രേക്ഷകന് നല്‍കുന്നതെന്ന് പറയേണ്ടി വരും. കെട്ടുറപ്പുള്ള കഥാപശ്ചാത്തലങ്ങളും അവതരണവുമാണ് ഈ സിനിമകളെ പ്രേക്ഷകന് ഗംഭീരമാക്കിയതെങ്കില്‍ ഈ രണ്ട് കാര്യങ്ങളില്‍ സംഭവിച്ച ബലഹീനതയാണ് ലിയോയ്ക്ക് പോരായ്മയായത്. മനോജ് പരമഹംസയുടെ ക്യാമറയില്‍ പുതുമയൊന്നും കാണാന്‍ കഴിഞ്ഞതുമില്ല. വിക്രത്തിന് പ്ലസ് പോയിന്‍റായി മാറിയ ഗിരീഷ് ഗംഗാധരന്‍റെ ക്യാമറാ മികവ് ലിയോയില്‍ ഉപയോഗപ്പെടുത്താമായിരുന്നു. കാര്‍ ചേസിങ് രംഗങ്ങളിലെ ഗ്രാഫിക്സ് ദൃശ്യങ്ങള്‍ മികച്ചതായി തോന്നിയില്ല. കൈതിയും വിക്രമും തമ്മിലുള്ള കഥയിലെ ബന്ധം ചില കഥാപാത്രങ്ങളിലൂടെ മാത്രം നിര്‍ബന്ധപൂര്‍വം ലിയോയില്‍ ആവിഷ്കരിച്ചപ്പോള്‍ ബുദ്ധിമുട്ടി ലിയോയെ എല്‍സിയുവിന്‍റെ കൂട്ടത്തില്‍ ലോകേഷിന് ഉള്‍പ്പെടുത്തേണ്ടി വന്നുവെന്ന് തോന്നിപ്പോകും.

ഇതുവരെ കാണാത്ത ഒരു വിജയിയെ തിയേറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ലിയോയ്ക്ക് ടിക്കറ്റെടുക്കാം. മറിച്ച് സോഷ്യല്‍ മീഡിയ ഹൈപ്പില്‍ ആകൃഷ്ടരായാണ് നിങ്ങള്‍ തിയേറ്ററില്‍ എത്തുന്നതെങ്കില്‍ നിരാശയായിരിക്കും ഫലം. സംവിധായകന്‍റെ മുന്‍ സിനിമകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ലോകേഷ് യൂണിവേഴ്സില്‍ കൈതിയും വിക്രമും ഇരിക്കുന്ന തട്ട് താണുതന്നെയിരിക്കും എന്നതാണ് ലിയോ കണ്ടിറങ്ങുന്ന ശരാശരി പ്രേക്ഷന്‍റെ മനസില്‍ ചിത്രത്തെ കുറിച്ച് തോന്നിപ്പിക്കുന്ന പൊതുചിത്രം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments