Friday, January 21, 2022
spot_img
HomeCinemaമ്യാവൂ ; പ്രവാസിയുടെ വേറിട്ട കുടുംബകഥ പറയുന്ന ചിത്രം

മ്യാവൂ ; പ്രവാസിയുടെ വേറിട്ട കുടുംബകഥ പറയുന്ന ചിത്രം

ദുബായില്‍ ഹോമിയോ ഡോക്ടറായ ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ സൗബിന്‍ ഷാഹിര്‍മമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ‘മ്യാവൂ’ ഗള്‍ഫില്‍ പ്രദര്‍ശനമാരംഭിച്ചു.

പ്രവാസി യുവാവിന്റെ ഇതുവരെ പറയാത്ത കുടുംബകഥ മനോഹരമായി പറഞ്ഞു എന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം. കേരളത്തിലേതിനേക്കാള്‍ ഒരു ദിവസം മുന്‍പേയാണ് ചിത്രം ഗള്‍ഫില്‍ റിലീസ് ചെയ്തത്. ഇതിന് മുന്നോടിയായി ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കും വേണ്ടി ചിത്രം വിതരണം ചെയ്യുന്ന ഫാര്‍സ് ഫിലിംസ് സംഘടിപ്പിച്ച പ്രിമിയര്‍ ഷോ നടന്നു. ലാല്‍ ജോസ്, സൗബിന്‍ ഷാഹിര്‍, മമ്ത മോഹന്‍ദാസ്, യുഎഇയിലെ അഭിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവാസജീവിതം പ്രമേയമാക്കി ഇതിന് മുന്‍പ് ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മ്യാവൂ വേറിട്ട കുടുംബ കഥയാണ് പറയുന്നത്. റാസല്‍ഖൈമയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ദസ്തഗീര്‍(സൗബിന്‍) എന്ന യുവാവിന്റെ സുലു എന്നു വിളിക്കുന്ന സുലേഖ(മമ്ത)യുടെയും ഇവരുടെ കുടുംബാംഗത്തെ പോലെ കഴിയുന്ന ചന്ദ്രേട്ടന്റെ(ഹരിശ്രീ യൂസഫ്)യും മൂന്ന് മക്കളുടെയും കഥയാണിത്. സ്ത്രീശാക്തീകരണവും പുരോഗമനവും പ്രായോഗികജീവിതപാഠങ്ങളും ചിത്രത്തിലൂടെ പറഞ്ഞുപോകുന്നു.

ലാല്‍ ജോസിന്റെ കൈയൊപ്പ് പതിഞ്ഞ സംവിധാനമികവും ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ രചാനവൈഭവവും ചിത്രത്തെ മികവുറ്റതാക്കി. രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ആദ്യാവസാനം വരെ ചിത്രത്തെ രസിപ്പിക്കുന്നു. അഭിനേതാക്കളെല്ലാം മികച്ചുനിന്നെങ്കിലും സൗബിന്‍, ഹരിശ്രീയൂസഫ്, മമ്ത, ബാലതാരങ്ങള്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. യുഎഇയിലെ മോഡലായ അസര്‍ബൈജാന്‍ സ്വദേശിനി യാസ്മിന അലി ദൊദോവ പുതുമുഖത്തിന്റെ യാതൊരു പരിഭവവുമില്ലാതെ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

സിനിമയിലെ കഥാപാത്രങ്ങള്‍ നേരനുഭവങ്ങളില്‍ നിന്ന് കണ്ടെടുത്തവയാണെന്ന് തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. റാസല്‍ ഖൈമയിലെ ഗ്രാമങ്ങളിലാണ് മ്യൂവൂ ഭൂരിഭാഗവും ചിത്രീകരിച്ചത്. അജ്മല്‍ ബാബു എന്ന യുവ ഛായാഗ്രാഹകന്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ യുഎഇയുടെ ഗ്രാമപ്രദേശങ്ങള്‍ അധികം കാണാത്തവര്‍ക്ക് വ്യത്യസ്തമായ ദൃശ്യമനോഹാരിതയായിരിക്കും സമ്മാനിക്കുക.

മ്യാവുവിലെ ഇതുവരെ ഇറങ്ങിയ പാട്ടുകളും ട്രെയിലറും പ്രവാസ ലോകത്ത് ഹിറ്റായിരുന്നു. സൗബിന്‍ തന്നെ ആലപിച്ച ചുണ്ടെലി എന്ന ഗാനവും മെഹ്ജബീന്‍ എന്നു തുടങ്ങുന്ന ഗാനവും മനോഹരമായി. അറബിക്കഥ, ഡയമണ്ട് നെക്ലസ് എന്നിവയാണ് ഇതിനു മുന്‍പ് ഗള്‍ഫ് പ്രമേയമാക്കി ഡോ.ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥ രചിച്ച സിനിമകള്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments