ന്യൂയോര്‍ക്ക്: മുന്‍ ഭര്‍ത്താവും നടനുമായ ജോണി ഡെപ്പിന് എതിരായ മാനനഷ്ടക്കേസില്‍ പരാജയപ്പെട്ട നടി ആംബര്‍ ഹേര്‍ഡ് കേസ് ഒത്തുതീര്‍പ്പാക്കുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ ആംബര്‍ ഹേര്‍ഡ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് പുതിയ പ്രഖ്യാപനവുമായി നടി രംഗത്തെത്തിയിരിക്കുന്നത്.
ലോകമെമ്ബാടുമുള്ള മാധ്യമങ്ങള്‍ ഒന്നടങ്കം ചര്‍ച്ചചെയ്ത വിഷയമായിരുന്നു ഹോളിവുഡ് നടന്‍ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡുമായുള്ള നിയമയുദ്ധം. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ആംബര്‍ ഹേര്‍ഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. കേസില്‍ ജോണി ഡെപ്പിന് അനുകൂലമായാണ് വിധി വന്നത്.
ഈ കേസ് ആണ് ഒത്തുതീര്‍പ്പാക്കാന്‍ ആംബര്‍ ഹേര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
സമയത്തിന് താന്‍ ഏറെ പ്രാധാന്യം കൊടുക്കുന്നു എന്നും തന്റെ സമയം ലക്ഷ്യബോധത്തോടെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ആംബര്‍ ഹേര്‍ഡ് പറഞ്ഞു. സത്യം പറഞ്ഞതിന് സ്ത്രീകള്‍ക്ക് അധിക്ഷേപമോ പാപ്പരത്തമോ നേരിടേണ്ടിവരുന്നത് വളരെ സാധാരണമായിരിക്കുന്നു. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു എന്നും അവര്‍ പറഞ്ഞു.