കഥ
ചേലമറ്റം രുഗ്മിണി
”മന്ദ പവനാ നീയെത്ര ഭാഗ്യവാനാണ്. നിനക്ക് സീതാദേവിയുടെ മുഖകമലത്തെ തഴുകി താലോലിക്കുവാൻ കഴിയുന്നു. എന്നാൽ ഞാനവളുടെയരികിലിരുന്നിട്ടും എനിയ്ക്കതിനു കഴിയുന്നില്ലല്ലോ.”
ലങ്കായുദ്ധത്തിനു ശേഷം സീതയോടും ലക്ഷ്മണനോടുമൊപ്പം പുഷ്പകവിമാനത്തിലേറി അയോദ്ധ്യയിലേക്കു വരുമ്പോൾ ശ്രീരാമൻ-സീതയുടെ കപോലങ്ങളിൽ കളിയാടുന്ന ഇളംകാറ്റിനോട് അസൂയയോടെ പരിതപിച്ചു. (രഘുവംശം-കാളിദാസൻ).
”കാർവണ്ടേ നീ ഭാഗ്യശാലി തന്നെ. നിനക്ക് ശകുന്തളയുടെ കർണ്ണപുടങ്ങളിൽ പ്രണയരാഗമാലാപിക്കാൻ കഴിയുന്നു. ഞാനവളെ എത്രമാത്രം പ്രണയിച്ചിട്ടും എനിയ്ക്കതിനു കഴിയുന്നില്ലല്ലോ.”
ആശ്രമസമീപത്ത് ശകുന്തളയെപ്പറ്റി ചിന്തിയ്ക്കുന്ന ദുഷ്യന്തൻ സങ്കടപ്പെടുന്നു. (ശാകുന്തളം-കാളിദാസൻ)
അല്ലയോ നീലാംബരമേ ഭവതി എത്രയോ സൗഭാഗ്യവതിയാകുന്നു. ഭവതിക്ക് എന്റെ ആര്യപുത്രന്റെ മലർശയ്യയാകാൻ കഴിയുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രിയപത്‌നിയായിട്ടും എനിയ്ക്കതിനു കഴിയുന്നില്ലല്ലോ.
അല്ലയോ വെൺമേഘസുന്ദരിമാരേ നിങ്ങളും ഭാഗ്യശാലികൾ. നിങ്ങൾ എന്റെ പ്രിയതമന്റെ ചുറ്റും മധുര മനോഹര നൃത്തം ചെയ്ത് രസിപ്പിക്കുന്നു. വിരഹിണിയായ എനിയ്‌ക്കൊന്നും പറ്റുന്നില്ലല്ലോ.
എന്റെ ആത്മവല്ലഭനു ചുറ്റും അനുസ്യൂതം കറങ്ങി അദ്ദേഹത്തിനു രക്ഷാകവചം സൃഷ്ടിയ്ക്കുന്ന ഭൂമിമാതാവേ-ഭവതി എത്രയോ ധന്യാത്മികയാണ്. മഞ്ഞുകണിക വിവശയായി നിശ്വസിച്ചു.
ആ ഊഷ്മള നിശ്വാസത്തിന്റെ അലകൾ അരുണാചലത്തെ അലങ്കരിക്കുന്ന അർക്കകുമാരന്റെ മുഖത്തടിച്ചു. അദ്ദേഹം മെല്ലെ പുഞ്ചിരി തൂകി. ആ മൃദുഹാസം മഞ്ഞുകണികയെ പുളകാഞ്ചിതയാക്കി.
അർക്ക കുമാരൻ തന്റെ ബലിഷ്ഠ ഹസ്തങ്ങൾ മഞ്ഞുകണികയുടെ നേർക്ക് നീട്ടി. മഞ്ഞുകണിക അലിഞ്ഞു തുടങ്ങി. അലിഞ്ഞലിഞ്ഞ് ജലമായി. അർക്കകുമാരൻ ചിരിച്ചു. വീണ്ടും ചിരിച്ചു. ഉച്ചത്തിൽ. ജലം നീരാവിയായി വായുവാകുന്ന വിമാനത്തിലേറി അർക്ക കുമാരന്റെ സവിധത്തിലെത്തി. അവൾ അർക്കനിൽ ലയിച്ചു. കാർമേഘങ്ങൾക്ക് ജന്മം നൽകി. അവ മഴയായി, വെള്ളമായി, രാഗമായി, ഈണമായി, താളമായി, ലയമായി, പ്രപഞ്ചത്തിന്റെ മുഴുവൻ നിലനില്പിന്റെ ജീവനാഢിയായി ഭൂമിയിലേക്ക് പ്രവഹിച്ചു തുടങ്ങി.