Thursday, April 25, 2024

HomeColumnsസുധാകരനെ വെട്ടി കെപിസിസിഅധ്യക്ഷനാകാൻ ചരടുവലികൾ

സുധാകരനെ വെട്ടി കെപിസിസി
അധ്യക്ഷനാകാൻ ചരടുവലികൾ

spot_img
spot_img

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയിൽ കെ സുധാകരന് രണ്ടാമൂഴം നൽകാൻ നേതാക്കൾക്കിടയിൽ ധാരണയായിരുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മറ്റു നേതാക്കളും സുധാകരൻ തന്നെ അധ്യക്ഷനാകട്ടെ എന്ന നിലപാടിൽ എത്തുകയായിരുന്നു. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് പ്രഖ്യാപനം നടത്തട്ടെ എന്ന തീരുമാനത്തിനാണ് കാക്കുന്നത്. ഇപ്പോൾ തുടർച്ചയായി സുധാകരൻ വിവാദത്തിൽ ചാടുന്നതോടെ സുധാകരന് അധ്യക്ഷ പദവിയിൽ രണ്ടാമൂഴം ലഭിക്കുമോ എന്നതാണ് അറിയേണ്ട കാര്യം. ഈ അവസരത്തിൽ സുധാകരനെ വെട്ടി കെപിസിസി അധ്യക്ഷനാകാൻ പലവിധത്തിലുള്ള ചരടുവലികളും നടക്കുന്നുണ്ട്.

കടുത്ത സിപിഎം വിരോധിയും ഒരുക്കിലും അവരോട് കോംപ്രമൈസിന് ഇല്ലെന്നുമുള്ള നിലപാടുമുള്ള കെ സുധാകരൻ പക്ഷേ, അടുത്തിടെ നിരന്തരം വിവാദങ്ങളിൽ ചാടുന്നതു കാണാം.

ഏറ്റവു ഒടുവിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു എന്ന സുധാകരന്റെ പ്രസ്താവനയും വിവാദങ്ങൾക്ക് വഴിവെച്ചു. പിന്നാലെ നെഹ്രുവിന്റെ വിശാല രാഷ്ട്രീയ ചിന്താഗതിയെ കുറിച്ച് പറയാൻ ശ്രമിച്ചപ്പോൾ അതും വിവാദത്തിലായി.

രണ്ടും കോൺഗ്രസുകാരേക്കാൾ വേദിപ്പിച്ചതാകട്ടെ യുഡിഎഫിലെ കക്ഷിയായ മുസ്ലിംലീഗിനും. പി കെ കുഞ്ഞാലിക്കുട്ടി സാദിഖലി കൂട്ടുകെട്ടിൽ ലീഗിൽ തീർത്തും അപ്രസക്തനയായി പോയ എം കെ മുനീറാണ് ഈ വിഷയത്തിൽ സുധാകരനെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്തുവന്നത്. ഇതോടെ ലീഗ് നേതൃത്വും സുധാകരന്റെ നാക്കുപിഴയിൽ കെപിസിസി അധ്യക്ഷനെ തള്ളിപ്പറയാൻ നിർബന്ധിതരായി.

കെ സുധാകരന്റെ നാക്കുപിഴയിൽ ഏറ്റവുമധികം വിമർശനവുമായി എത്തിയ നേതാവ് കെ മുരളീധരനാണ്. കടുത്ത നിലപാടിലേക്ക് മുരളീധരൻ എത്തിയത് വെറുതേയല്ല. സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്റെ കസേരയെ ഉന്നമിട്ടു തന്നെയാണ് വിമർശനം കടുപ്പിച്ചത്. കെ സുധാകരൻ തിരുത്തണമെന്ന് പറഞ്ഞ മുരളീധരൻ ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. ആർഎസ്എസുമായി സന്ധി ചെയ്യാനില്ലെന്നും വ്യക്തമാക്കി. സുധാകരൻ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ അനുചിതമാണ്. നെഹ്‌റുവിനെ കൂട്ടു പിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാൽ പാർട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

പ്രസ്താവനകൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കി. ഘടക കക്ഷികൾക്ക് വലിയ വേദനയുണ്ടാക്കി. മുന്നണിയുടെ കെട്ടുറപ്പിനെ അത് ബാധിച്ചു. അതിനാൽ ഈ പ്രസ്താവന കോൺഗ്രസിനും യുഡിഎഫിനും ക്ഷീണമാണ്. അത് പാർട്ടി ചർച്ച ചെയ്യും. പാർട്ടിയുടെ അവസാന വാക്കാണ് അധ്യക്ഷൻ എന്നിരിക്കെ സുധാകരൻ ജാഗ്രത പുലർത്തേണ്ടതായിരുന്നു. 17ന് രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ സുധാകരന്റെ പരാമർശം ചർച്ചയാകും. സുധാകരന്റെ പരാമർശങ്ങൾ നിക്ഷ്പക്ഷമതികൾക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും കോൺഗ്രസിനോടുള്ള മതിപ്പിൽ കോട്ടമുണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു.

സുധാകരനെ മാറ്റിയാൽ തനിക്ക് കെപിസിസി അധ്യക്ഷ പദവി ലഭിക്കണമെന്ന നിലപാടിലാണ് മുരളീധരൻ. അതേസമയം കെ സി വേണുഗോപാൽ അടക്കമുള്ളവർക്ക് മുരളീധരനോട് താൽപ്പര്യമില്ല. അതുകൊണ്ട് മുരളീധരന്റെ മോഹം അത്രകണ്ട് വിജയിക്കാൻ സാധ്യതയില്ല. അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരസ്യമായി താൽപ്പര്യം പ്രകടിപ്പിക്കാത്ത രമേശ് ചെന്നിത്തലയും താക്കോൽ സ്ഥാനത്തിനായുള്ള ശ്രമത്തിലാണ്. നിലവിൽ ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് ചെന്നിത്തല. മല്ലികാർജ്ജുന ഖാർഗെയുമായും അടുത്ത ബന്ധത്തിലാണ്. അതുകൊണ്ട് തന്നെ സമാവായ സാഹചര്യം വന്നാൽ കെപിസിസി അധ്യക്ഷ പദവിയും ചെന്നിത്തല ആഗ്രഹിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ചെന്നിത്തല നേരത്തെ ഉന്നമിട്ടിരുന്നു. വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനം മോഹിച്ചിരുന്ന ചെന്നിത്തലയെ വെട്ടിയാണ് സതീശൻ എത്തിയത്. വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താനും ചെന്നിത്തല ശ്രമിച്ചേക്കും. അടുത്തിടെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സതീശനെതിരെ പ്രസ്താവന നടത്തിയതും വെറും യാദൃശ്ചികമല്ലെന്നാണ് നേതാക്കൾ കരുതുന്നത്. സുകുമാരൻ നായരുടെ മാനസ പുത്രനാണ് രമേശ് ചെന്നിത്തല. പണ്ട് സുകുമാരൻ നായരുടെ ഇടപെടലാണ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയായതും. അത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തിന്റെ മധ്യത്തിലായിരുന്നു താനും. സമാന സാഹര്യമാണ് ചെന്നിത്തല ഇപ്പോൾ ആഗ്രഹിക്കുന്നതും.

താക്കോൽ സ്ഥാനവുമായുള്ള റീ എൻട്രിക്ക് ചെന്നിത്തല ഒരുങ്ങുന്നതായും സൂചനകളുണ്ട്. അതേസമയം ദേശീയ സാഹചര്യവും നിർണായകമാകുമെന്ന് ഉറപ്പാണ്. കെപിസിസി സംഘടനാ സംവിധാനത്തിൽ ഇപ്പോൾ കാര്യമായ പ്രശ്‌നങ്ങൾ ഇല്ല. ഭാരത് ജോഡോ യാത്ര അടക്കം കേരളത്തിൽ വൻ വിജയമായിരുന്നു. പിന്നാലെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ നേട്ടം കൊയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ സുധാകരൻ നയിക്കുന്ന കോൺഗ്രസ് തിരുച്ചു വരുന്നു എന്ന പ്രതീതി ശക്തമാണ്. ഇതിനിടെയാണ് സുധാകരന്റെ ഭാഗത്തു നിന്നും നാവുപിഴ ഉണ്ടാകുന്നതും. ഇത് ആയുധമാക്കാനാണ് ശ്രമം.

ആദ്യത്തെ പ്രസ്താവനയെക്കാളും ഗുരുതരമായ പിഴവാണ് കഴിഞ്ഞ ദിവസം കെ പി സി സി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ശിശുദിനത്തിൽ കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.നെഹ്‌റു തന്റെ മന്ത്രിസഭയിൽ ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ ഉൾപ്പെടുത്തിയതിനെ ന്യായീകരിക്കാൻ സുധാകരൻ നടത്തിയ നീക്കമാണ് വൻ വിവാദമായി തീർന്നത്. ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യം നെഹ്‌റു ഉയർത്തിപ്പിടിച്ചു എന്നാണ് ആർഎസ്എസ് നേതാവിനെ ഉൾപ്പെടുത്തിയതിലൂടെ തെളിഞ്ഞതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

‘ ആർഎസ്എസിന്റെ നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം ക്യാബിനറ്റിൽ മന്ത്രിയാക്കാൻ അദ്ദേഹം കാണിച്ച മനസ്, വർഗീയ ഫാസിസത്തോട് പോലും സന്ധിചെയ്യാൻ കാണിച്ച അദ്ദേഹത്തിന്റെ വലിയ മനസ്’ കെ പി സി സി അദ്ധ്യക്ഷന്റെ ഈ വാക്കുകൾ പക്ഷേ ആർ എസ് എസ് ക്യാമ്പിന് കാവൽ നിന്നതിലും വളരെ ദൂരവ്യാപകമായ ഫലമാണുണ്ടാക്കിയത്.

ലീഗ് മുതിർന്ന നേതാവ് എം കെ മുനീറാണ് മറുപടി നൽകിയത്. ആർ എസ് എസ്. ചിന്തയുള്ളവർക്ക് പുറത്തുപോകാം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ നൽകിയ മറുപടി. ഇതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്നും നേതാക്കൾ പ്രതികരണവുമായി എത്തി. ഒടുവിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അദ്ധ്യക്ഷനെ പരസ്യമായി തള്ളി രംഗത്ത് വന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments